കൂടെയുണ്ടാവും

സീറോ മലബാർ ഈസ്റ്റ്‌ഹാം കമ്മ്യൂണിറ്റിയുടെ ഭാഗമായതിലും ബ്ലോഗിൽ പ്രത്യക്ഷപ്പെടുന്നതിലും ഞങ്ങൾക്ക് ഏറെ സന്തോഷം.ഈ തൂലികയുടെ നിധിശേഖരത്തിൽ ഒന്നുമില്ല. മഷികറുപ്പിൽ കോരിയിടാൻ വരികളുമില്ല. എങ്കിലും ഓർക്കാപ്പുറത്ത്‌ മഴത്തണുപ്പ് ഏറ്റു വീണ്ടും പൊടിക്കുന്ന പച്ചപ്പ് പോലെ ഒരു ആഗ്രഹം ഉണ്ട്. ഒരു വാക്ക് എഴുതണമെന്ന്.നിങ്ങൾ ചെയ്യുന്ന ഓരോ നന്മയ്ക്കുമായി നന്ദിയുടെ ഒരു വാക്ക് -‘കൂടെയുണ്ടാവും’.

ക്രിസ്തുവിനെ ഒപ്പം ചേർത്തുപിടിച്ച് നമ്മോടൊപ്പമുണ്ടായിരുന്ന എല്ലാ അഭിഷിക്തരെയും നന്ദിയോടെ ഓർക്കുന്നു.ഇപ്പോൾ നമ്മോടൊപ്പമായിരിക്കുന്ന ഷൈജുഅച്ചനെയും.ദൈവത്തിന്റെ മാധുര്യമേറിയ വചനങ്ങളെ ഭുജിക്കുവാനും രുചിക്കുവാനും സാധിക്കാത്ത ഈ അവസരത്തിലും ആത്മീയമായി അങ്ങയുടെ പ്രാർത്ഥന യാമങ്ങളിൽ ഞങ്ങളെ ചേർത്തു പിടിച്ചു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അങ്ങയുടെ മുടങ്ങാത്ത പ്രാർത്ഥനാസാന്നിധ്യത്തിൽ അനുഗ്രഹത്തിന്റെ ആ വാക്ക് ഞങ്ങൾ കേട്ടു -‘കൂടെയുണ്ടാവും’.

സഭയോട് ചേർന്ന് പ്രവർത്തിക്കാൻ നമ്മെ ഇതുവരെ സഹായിച്ച എല്ലാ ട്രസ്റ്റിമാരെയും കമ്മിറ്റി അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു.ഇപ്പോൾ ആ ചുമതല വഹിക്കുന്നവരെയും. തിരക്കിലും,പരാതിയും പരിഭവവും ഇല്ലാതെ ഞങ്ങളുടെ ഹൃദയാനന്ദവും പുഞ്ചിരിയും കാത്തുസൂക്ഷിക്കാൻ നിങ്ങൾ പാടുപെടുന്നു. നിങ്ങളുടെ നന്മയുടെ പൂമരത്തണലിൽ ലോക്‌ഡൗൺ സമയത്തും അനേകർക്ക്‌ നഷ്ടപ്പെട്ട ആനന്ദവും കൈമോശം വന്ന സൗഭാഗ്യവും തിരികെകൊടുക്കുവാൻ സാധിച്ചു. നിങ്ങളുടെ നീട്ടിയ സഹായഹസ്തം ഞങ്ങളോട് മന്ത്രിച്ചു .നന്മയുടെ പങ്കുവയ്ക്കലിന്റെ ഒരു വാക്ക് – ‘കൂടെയുണ്ടാവും’.

നമുക്ക് നല്ലൊരു മാതൃകൂട്ടായ്മ ഉണ്ട്. കുടുംബങ്ങളിലും ജോലിസ്ഥലത്തും ശുശ്രൂഷകർ ആയവർ. നാഴികമണികൾ കാവലില്ലാത്ത അവരുടെ ജോലിസമയങ്ങൾ . എങ്കിലും മുറിവുകളിൽ സ്നേഹതൈലമാകുന്നവർ. ഉറക്കമറ്റവരുടെ രാത്രികളിലൊക്കെയും കണ്ണിമപ്പൂട്ടാത്ത കാവൽക്കാർ. എലിസബത്തിനെ ശുശ്രൂഷിച്ച പ.അമ്മയെ പിൻചെല്ലുന്ന അവർക്കും ശുശ്രൂഷയുടെ , വാത്സല്യത്തിന്റെ ഒരു വാക്കുണ്ട്- ‘കൂടെയുണ്ടാവും’.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുന്ന നമ്മുടെ കുഞ്ഞുങ്ങളെ അജ്ഞതയുടെ കാർമേഘം നീക്കി വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രഭയേകാൻ പരിശ്രമിക്കുന്ന എല്ലാ സൺഡേസ്കൂൾ ടീച്ചേഴ്സ്നേയും ഓർക്കുന്നു.കുരിശോളം വലുതായി കുർബാനയോളം ചെറുതായവന്റെ സ്നേഹം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അവർ വിശ്വാസപരിശീലനത്തിൽ ആത്മീയ വളർച്ചയിൽ അവരോട് ചൊല്ലുന്നു- ‘കൂടെയുണ്ടാവും’.

കുഞ്ഞുങ്ങളോടൊപ്പം ആയിരിക്കുമ്പോൾ ഇരട്ടിമധുരം തോന്നാറുണ്ട് ,നമ്മുടെ സന്തോഷത്തിന്.ലോക്ഡൗണിലും അവർ പരിശ്രമിച്ചു അവരുടെ വിശ്വാസം പങ്കുവയ്ക്കുവാൻ.അങ്ങനെ പരിശ്രമത്തിലാണ് വിജയം എന്ന് അവർ നമ്മെ പഠിപ്പിച്ചു.ആ ഇളം മനസ്സുകൾ നമ്മോട് പറയുന്നു-വിശുദ്ധിയുടെ ,പ്രതീക്ഷയുടെ, സന്തോഷത്തിന്റെ വാക്ക് -‘കൂടെയുണ്ടാവും’.

കൂട്ടായ്മയുടെ ജീവിതം പോഷിപ്പിക്കുന്ന നമ്മുടെ കുടുംബയൂണിറ്റിനെയോർത്തു നന്ദി.സ്നേഹമുള്ള സൗഹൃദം ജീവിതത്തിന് എന്നും തുണയാണ്. ആ സൗഹൃദത്തോട് ചേർന്നിരിക്കുക മനോഹരവും. അവരുടെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ഒരു വാക്ക് നമ്മെ ഏറെ ആശ്വസിപ്പിച്ചു. തളരരുത് -‘കൂടെയുണ്ടാവും’.

ഒട്ടിയ വയറുകളുടെ വിശപ്പും മുറിവേറ്റ ഹൃദയങ്ങളിലെ നൊമ്പരവും രോഗത്തിൽ കഴിയുന്നവരുടെ വേദനകളും ഈ കൊറോണ കാലത്ത് നാം ഏറെ കണ്ടു. ദൈവത്തിന്റെ കാരുണ്യമുള്ള മുഖത്തേക്ക് നോക്കുമ്പോൾ നീ ഞങ്ങൾക്ക് തന്ന അമൂല്യമായ ദാനങ്ങളുടെ ശ്രേഷ്ഠത ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. ആ അത്ഭുതസൗഭാഗ്യത്തിന് മുമ്പിൽ ഇനി എന്നാണ് ഞങ്ങൾ ഒന്നിച്ചു മുട്ടുകുത്തുക. ദൈവത്തിൽ, ക്രിസ്തുവിൽ ,പരിശുദ്ധ ത്രിത്വത്തിൽ ,പരിശുദ്ധ അമ്മയിൽ, ഹൃദയ ഐക്യത്തിലും ,സ്നേഹത്തിലും ഒന്നാകുന്ന അരൂപിയാണ് പെന്തക്കുസ്ത.ആ അനുഭവത്തിന്റെ ഭ്രമണപഥത്തിൽ നമുക്ക് തുടരാം. ജീവിതം വച്ചുനീട്ടുന്ന വർഷങ്ങൾ വലിയ സമ്മാനങ്ങളാണ്.ഇടപെടാൻ ഒരു ദൈവം ഉള്ളപ്പോൾ വേദനയുടെ ഇടങ്ങളിൽ നമുക്ക് ഇടറാതിരിക്കാം. വിളിയിൽ ഇറങ്ങി വരുന്ന ദൈവം നമ്മെ ചേർത്തുനിർത്തി പറയുന്നു – ‘എപ്പോഴും കൂടെയുണ്ടാവും’.

അതിനാൽ വീണ്ടും പുഞ്ചിരിക്കാം.നിങ്ങളെ ഏവരെയും ദൈവം കണ്മണി പോലെ കാക്കട്ടെ. ഇന്നലെകളിലെ സ്നേഹവും സന്തോഷവും നമുക്ക് മറക്കാതിരിക്കാം.പ്രാർത്ഥനയുടെ, നന്ദിയുടെ ഹൃദയത്തോടെ ‘കൂടെയുണ്ടാവും’

Leave a Reply

Your email address will not be published. Required fields are marked *