ബലിയർപ്പണത്തിലെ അമ്മ

മുപ്പതുവെള്ളിക്കാശിൽ ഒറ്റികൊടുക്കപ്പെട്ട,
രക്തത്തിൻ നിശബ്ദനിലവിളി,
ഉറവയെടുത്ത മരുഭൂമിയിൽ,
മാതൃഹൃദയത്തിൻ തുടിപ്പോന്നുനിലച്ചുപോയി .

വപുസിനേറ്റു കലിപൂണ്ട ചമ്മട്ടിപ്രഹരങ്ങൾ ,
ശിക്ഷണങ്ങൾ ശിക്ഷകളായി കൂടുമാറി,
വിണ്ടുകീറിനീറിയ കൈകാൽത്തടങ്ങൾ,
വിടവാങ്ങലിൻ ചിന്ഹങ്ങളായി മാറി.

ഞെരിഞ്ഞിലിൽ കുരുങ്ങിയ ആട്ടിൻകുട്ടിപോൽ,
ആർത്തുകരഞ്ഞോ പരദേശിതൻ പ്രാണൻ,
നിലതെറ്റി നിണത്തിലിഴയുന്നു ജീവൻ,
ഞെട്ടറ്റു വീണു പൊൻ അമ്മതൻ മടിയിൽ.

കുരിശിൻചുവട്ടിൽ തൻ പ്രാണനെ ചേർത്തവൾ,
തൻ മടിത്തട്ടാം ബലിവേദിയിൽ, തനയനാത്മാവിനൊപ്പം
ദൈവപിതാവിനിഷ്ടം പങ്കുവച്ചവൾ,
രക്തസാക്ഷിണിയായി.

ഊഴിയിൽ വീണുപോയെങ്കിലും കൊതിയോടെ,
കാത്തവൾ ഇറ്റിറ്റുവീഴും ചുടുനിണം,
അലിയിച്ചീ പ്രിയഭൂവിൽ ശാന്തിപരത്തുവാൻ,
ജീവന്റെ ഉറവകൾ വറ്റുന്നതുവരെ.

അമ്മേ, നീ തീർത്ത ദൈവാലയത്തിൽ,
ഉള്ളം നമിച്ചുപോയി കുരിശിൻ വിജയത്തിൽ,
അണയുന്നു നിൻ കൂടണഞ്ഞീടുവാൻ,
വഴിക്കണ്ണുമായി കാക്കണേ ഞങ്ങളെയെന്നും.

One thought on “ബലിയർപ്പണത്തിലെ അമ്മ

Leave a Reply

Your email address will not be published. Required fields are marked *