ഹെവൻലി ഗിഫ്റ്സ് പൂർത്തിയാക്കിയ പ്രഥമ വർഷത്തിലൂടെ

ലോകജനത ഒരുമിച്ച് കടന്നു പോകേണ്ടി വന്ന ഒരു മഹാമാരി, പരിചിതമല്ലാത്ത പ്രോട്ടോകോളുകൾ കൂട്ടയ്മകളെയും സൗഹൃദങ്ങളെയും എന്തിനേറെ ഒരു കുടുംബത്തിലുള്ള വ്യക്തികളെ തന്നെയും പരസ്പരം കാണുന്നതിൽ നിന്നും വിലക്കിയ ഒരു സാഹചര്യം ഉണ്ടായപ്പോൾ അതിനെ മറികടക്കുവാൻ പ്രിയ ബഹുമാനപെട്ട ഷൈജു വടക്കേമുറിയച്ഛന്റെ ഭാവനയിൽ വിരിഞ്ഞ ഒരു ചെറിയ – വലിയ ആശയമായിരുന്നു Heavenly Gifts എന്ന ഓൺലൈൻ ബ്ലോഗ്.

വളരെ കുറഞ്ഞ ഒരു സമയപരിധിക്കുള്ളിൽ തന്നെ ആ ആശയം നടപ്പിലാക്കുവാൻ അച്ഛന്റെ കൂടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ സർവാത്മനാ തയ്യറായ ഒരു എഡിറ്റോറിയൽ ടീം കൂടെ ഉണ്ടായപ്പോൾ പിന്നീട് നടന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു ചരിത്രം .

2021 മെയ് 31 നു ഒരു വയസു പൂർത്തിയായ ഹെവൻലി ഗിഫ്റ്സ് പിന്നിട്ടിരിക്കുന്നത് വളർച്ചയുടെ ഒരു വലിയ നാഴിക കല്ലാണ് .

ഇരുനൂറിലധികം വരുന്ന കഥകളിലൂടെയും കവിതകളിലൂടെയും, ചിത്ര രചനകളിലൂടെയും വിവിധങ്ങളായ മത്സരങ്ങളിലൂടെയും, പോഡ്കാസ്റ്റുകളിലൂടെയും മറ്റു പല കാറ്റഗറികളിലുമായി ഒരു വലിയ വർണ വസന്തമാണ് കഴിഞ്ഞ ഒരു വർഷക്കാലമായി ഹെവൻലി ഗിഫ്റ്സ് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി വിരിയിച്ചത് .

സെന്റ്. ജോർജ് പ്രൊപ്പോസഡ്‌ മിഷനിലെ ആരാലും അറിയപ്പെടാത്ത ഒത്തിരി കലാകാരന്മാരെ കണ്ടെത്തുന്നതിൽ, അവരെ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ ഹെവൻലി ഗിഫ്റ്സ് എന്ന ഈ ചെറിയ സംരംഭം വഹിച്ച പങ്കു വളരെ വലുതാണ്. ഈ മഹാമാരിയുടെ തീവ്ര താണ്ഡവത്തിനിടയിലും ഈ മിഷനിലെ അംഗങ്ങൾ തമ്മിലുള്ള സ്വാഭാവികബന്ധം നില നിർത്തുവാൻ വരെയധികം സഹായകമായത് ഹെവൻലി ഗിഫ്റ്റസിലൂടെയുള്ള പങ്കുവെക്കലുകളായിരുന്നു, കുട്ടികൾക്കായും മുതിർന്നവർക്കയും യുവതി യുവാക്കൾക്കായും പ്രേത്യകം മത്സരങ്ങളും ഓൺലൈൻ ഇവെന്റുകളും ഹെവൻലി ഗിഫ്റ്സ് ഒരുക്കിയിരുന്നു. വിജയിച്ചവർക്കും പങ്കെടുത്ത എല്ലാവര്ക്കും ആകർഷകമായ സമ്മാനങ്ങളും സെർട്ടിഫിക്കറ്റുകളും കൊടുത്തു എല്ലാവിധത്തിലുള്ള പ്രോത്സാഹനങ്ങളുമായി ഈ ഒരു വർഷകാലയളവിൽ മറ്റെതെന്തിനെക്കാളുമധികമായി ഹെവൻലി ഗിഫ്റ്സ് നിറഞ്ഞു നിന്നിരുന്നു.

എല്ലാമാസത്തിന്റെയും അവസാനത്തെ ഞായറാഴ്ച്ചയാണ് ഹെവൻലി ഗിഫ്റ്സ് പ്രേക്ഷകരിലേക്കെത്തുന്നത്‌.

ഓരോ മാസവും ഏതെങ്കിലും ഒരു തീമിനെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കവുമായി ആണ് ഈ ബ്ലോഗ് പുറത്തിറങ്ങുന്നത് .ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ഹെവൻലി ഗിഫ്റ്റിസിനു സ്ഥിരമായ പ്രേക്ഷകർ ഉണ്ട് എന്നുള്ളത് എടുത്തു പറയേണ്ടുന്ന മറ്റൊരു നേട്ടമാണ്. ഹെവൻലി ഗിഫ്റ്റിസിന്റെ ആകർഷകമായ രൂപഭംഗി അതിന്റെ ഉള്ളടക്കത്തിലും പുലർത്തുവാൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ബദ്ധശ്രദ്ധരാണ്. 

Syro-Malabar Eparchy of Great Britain – ലെ വിവിധ മിഷനുകൾക്കു ഹെവൻലി ഗിഫ്റ്റിസിന്റെ പാത പിന്തുടരുവാൻ ഉള്ള ആഗ്രഹം ജനിപ്പിച്ചത് തന്നെ ഹെവൻലി ഗിഫ്റ്റിൻറെ ഏറ്റവും വലിയ ഒരു വിജയമായി കരുതുന്നു. ലോക്കഡൗൺ കാലയളവിൽ ഹെവൻലി ഗിഫ്റ്സ് സാധ്യമാക്കിയ നേട്ടങ്ങൾ തന്നെയാണ് അതിന്റെ പിന്നിലെ ചാലകശക്തി. ഹെവൻലി ഗിഫ്‌റ്സ്‌ മറ്റു മിഷനുകൾക്കു ഒരു മാർഗദർശിയും വഴികാട്ടിയുമാണ് .

ഹെവൻലി  ഗിഫ്റ്റിൻറെ ഈ വിജയം എല്ലാ കാര്യങ്ങൾക്കും മാർഗദർശിയായി നിന്നു ഇതിനെ മുന്നോട്ട് നയിക്കുന്ന ചീഫ് എഡിറ്റർ ബഹുമാനപെട്ട ഷൈജു വടക്കേമുറി അച്ഛനും, എഡിറ്റോറിയൽ അംഗങ്ങൾക്കും, കൂടാതെ സെന്റ്. ജോർജ് പ്രൊപ്പോസഡ്‌ മിഷനിലെ ഓരോ അംഗങ്ങൾക്കും അവകാശപ്പെട്ടതാണ്,  ഈ ജൈത്രയാത്രയിൽ മുന്നോട്ടും നിസീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് എല്ലാവര്ക്കും ഒരു നല്ല നാളെ ആശംസിച്ചുകൊണ്ട് നിർത്തുന്നു .

സ്നേഹപൂർവം ,
എഡിറ്റോറിയൽ ബോർഡ്

Leave a Reply

Your email address will not be published. Required fields are marked *