കൊറോണ: ഒരു വിചിന്തനം


“Spread Love everywhere you go. Let no one ever come to you without leaving happier”- ഇത് മറ്റാരുമല്ല, നമ്മുടെ സ്വന്തം അമ്മ – മദർ തെരേസയുടെ വാക്കുകളാണ്. അമ്മയെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ആ പുണ്യവതിയുടെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ ഞാൻ തുടങ്ങട്ടെ. ബഹുമതികൾ വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കാതെ, നിസ്വാർത്ഥസേവനത്തിലൂടെ ഈശോ കേന്ദ്രമായി ജീവിച്ച ഈ അമ്മ എന്താണ് ഈ വാക്കുകളിലൂടെ പറഞ്ഞുവച്ചത്‌.

എങ്ങും എവിടെയും കൊറോണകഥകൾ. എനിക്കും ഒരുപാടു പറയാനുണ്ട് കൊറോണയെക്കുറിച്. പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും കഥകൾ. അതൊന്നും പറയാൻ, ഞാൻ ഇവിടെ ആഗ്രഹിക്കുന്നില്ല. കാരണം കൊറോണ അത്രമേൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേട്ടുമടുത്തുവോ എന്നുപോലും തോന്നിപ്പോകുന്നു. ഫേസ് മാസ്ക്(facemask), ഗ്ലൗസ് (gloves), ലോക്ക് ഡൌൺ (lockdown), ഹാൻഡ്‌വാഷിങ് (hand washing), സോഷ്യൽ ഡിസ്റ്റൻസിങ് (social distancing), ക്വാറന്റൈൻ (quarantine) ഇവയെല്ലാം ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. രോഗങ്ങൾ, രോഗികൾ, മരണങ്ങൾ, ഒറ്റപ്പെടലുകൾ, ദാരിദ്ര്യം, വിശപ്പ്, മനോരോഗം, ഉറക്കമില്ലായ്മ, പേടി, ആശങ്ക, ജോലിയില്ലായ്മ, വിരസത, മരവിപ്പ്, വിഷാദം, ഇനിയെന്തു- എന്ന് – എങ്ങനെ എന്ന ചിന്ത, മനം മടുപ്പിക്കുന്നതും, പേടിപ്പെടുത്തുന്നതുമായ വാർത്തകൾ – ഇതെല്ലാം കൊറോണ സമ്മാനിച്ച ഓർമകളിൽ ചിലതുമാത്രം.

ഒരേയൊരു കാര്യം മാത്രം എന്നെയും നിങ്ങളെയും ഓര്മപ്പെടുത്താൻ ഞാൻ ഇവിടെ ആഗ്രഹിക്കുന്നു…. കൊറോണമൂലം നമ്മളിലോരോരുത്തരിലും വന്ന മാറ്റങ്ങളെക്കുറിച്ചാണത്. കൊറോണ മൂലം പലരുടെയും ജീവിതങ്ങൾ ആഴത്തിൽ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, ബന്ധുമിത്രാദികളുടെ അടുത്തെത്താൻ കൊതിച്ചു, അവരെ ഒരുനോക്കു അവസാനമായി കാണാൻ ആഗ്രഹിച്ചു സാധിക്കാതെ പോയവർ, ജോലിനഷ്ട്ടപെട്ടു ദാരിദ്ര്യത്തിലേക്കും അതിനേക്കാളുപരി വിഷാദരോഗത്തിലേക്കും കൂപ്പുകുത്തിയവർ. ഇതിനെല്ലാം ഇടയിലും ചാരിറ്റി പ്രവർത്തനങ്ങളും, സഹായസദുദ്യമങ്ങളും ചെയ്യുന്നവരെ അംഗീകരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും ഒന്ന് ഞാൻ പറഞ്ഞോട്ടെ. പലരും ഈ അവസരത്തെ വിറ്റു കാശാക്കുന്നവരും, പ്രശസ്തിയുടെ പടവിലേക്കുള്ള കുറുക്കുവഴികളുമായി കാണുന്നവരും നമുക്ക് ചുറ്റുമില്ലേ?

ഇവിടെയാണ്‌ ഒരു വിചിന്തനത്തിന്റെ പ്രസക്തി. ഈ കൊറോണകാലം എന്നെ എവിടെക്കൊണ്ടെത്തിച്ചു? ഞാൻ എവിടെ നിൽക്കുന്നു? എന്തൊക്കെ ഞാൻ ചെയ്തു? ഇനിയെന്ത്? കൊറോണയെന്ന മഹാമാരി എന്നെ എങ്ങനെ ബാധിച്ചു? എന്തൊക്കെ പഠിപ്പിച്ചു? കൊറോണകാലത്തു എന്തെങ്കിലും ചെയ്യാൻ ഞാൻ മറന്നുപോയോ? അതോ, പലതും ചെയ്യാമായിരുന്ന അവസരങ്ങൾ ഞാൻ പാഴാക്കിയോ? ഇനിയും പലതും ചെയ്യണമെന്നുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാൻ പറ്റാതെ പോയോ? അതോ, ഗർഭിണിയായ പരിശുദ്ധ അമ്മ എലിസബത്തിനെ മൂന്നുമാസം ശുശ്രൂഷിച്ചതുപോലെ മറ്റുള്ളവർക്ക് സാന്ത്വനം നൽകാനും സഹായിക്കുവാനും നമുക്കു സാധിച്ചുവോ?

ഈ കൊറോണ നമ്മിൽ പലരെയും വലിയതോതിൽ ബാധിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞാൽ അത് ഒരുപക്ഷേ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. ഒരു പരിധിവരെ അത് ശരിയല്ലെന്നും എനിക്കറിയാം. എങ്കിലും വിനയപുരസ്സരം ഞാൻ ഒന്ന് ചോദിച്ചോട്ടെ – നമ്മിൽ ഈ കൊറോണ എന്തെങ്കിലും ഒരു മാറ്റം വരുത്തിയോ? നമ്മുടെ ജീവിതത്തിന്റെ നൈമിഷികതയെകുറിച്ചു നാം ഇപ്പോൾ കൂടുതൽ ബോധവാന്മാരാണോ? എല്ലാറ്റിന്റെയും സൃഷ്ടികർത്താവ് ഈ സന്ദർഭത്തിൽ എന്നോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടോ? അഥവാ എന്നിൽനിന്നും എന്തെങ്കിലും ആവശ്യപ്പെടുന്നുണ്ടോ? അതുമല്ലെങ്കിൽ നാം ഇതിനെല്ലാം ചെവി ചായ്ക്കുന്നുണ്ടോ? നമുക്ക് പലപ്പോഴും ഇതിനൊന്നും സമയമില്ലാതെ പോകുന്നു. പ്രിയരേ, നമ്മിൽ ഒരു മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എങ്കിലും നെവർ ടൂ ലേറ്റ് (never too late) എന്നല്ലേ പഴമൊഴി. അല്ലെങ്കിൽ ഇങ്ങനെയും ഒരു പഴമൊഴിയുണ്ട് – ഇറ്റ് ഈസ് ബെറ്റർ റ്റു ബി ലേറ്റ് ദേൻ നെവർ (better late than never). അതുകൊണ്ട്, സമയം ഇനിയും അതിക്രമിച്ചിട്ടില്ല – ഒരു മാറ്റത്തിന്. നമ്മുടെ കണ്ണുകൾ – അകക്കണ്ണുകൾ, നമുക്ക് തുറക്കാം. മറ്റുള്ളവരെ കാണുവാനും, കേൾക്കുവാനും, സഹിക്കുവാനും, സഹായിക്കുവാനും, സാന്ത്വനിപ്പിക്കുവാനും നമുക്ക് കഴിയട്ടെ. കൂടുതൽ പ്രാർത്ഥിക്കാൻ കഴിയട്ടെ. സഹജീവികളെ കരുണയോടെ വീക്ഷിക്കുവാൻ നമുക്കാകട്ടെ. ക്ഷമിക്കുവാനും പൊറുക്കുവാനും നമുക്ക് കഴിയട്ടെ. മുറിഞ്ഞുപോയ ബന്ധങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയട്ടെ. കുടുംബബന്ധങ്ങൾ ഊഷ്മളമാകട്ടെ. ദൈവസ്നേഹം എങ്ങും പരക്കട്ടെ. സ്വാർത്ഥത വെടിഞ്ഞു ഒറ്റക്കെട്ടായി മുന്നേറുവാനുള്ള ഒരു അവസരമായി ഈ കാലത്തെ കണ്ടു നമുക്ക് പ്രവർത്തിക്കാം. ഒരു തിരിഞ്ഞുനോട്ടം, റിഫ്ലക്ഷൻ, (reflection) അഥവാ വിചിന്തനം നല്ലതാണു. അധികാരവും, പണവും, പ്രശസ്തിയും നമുക്ക് വേണ്ടേ വേണ്ട.

മദർ തെരേസ പറഞ്ഞതുപോലെ സ്നേഹം പരത്താൻ നമുക്ക് കഴിയട്ടെ. ഹെബ്രായർ 10:24 ഇപ്രകാരം പറയുന്നു- “സ്നേഹത്തോടെ ജീവിക്കുന്നതിനും, നല്ല കാര്യങ്ങൾ ചെയ്യുന്നതിനും, പരസ്പരം പ്രോത്സാഹിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് നമുക്ക് പര്യാലോചിക്കാം”. സ്വയം മറന്ന്, പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും, വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അംഗീകരിക്കാനും നമുക്ക് കൈകോർക്കാം. നല്ല ഈശോ നമ്മെ അതിനായി അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മയും വിശുദ്ധരും നമ്മെ സഹായിക്കട്ടെ. ഈ കൊറോണകാലം ഒരു മാറ്റത്തിലേക്കു നമ്മെ ഒരല്‌പംപോലും നയിച്ചിട്ടില്ലെങ്കിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഘോരഘോരമുള്ള പ്രഘോഷണമല്ല മറിച് ധീരമായ പ്രവർത്തികളാണ് നമുക്ക് വേണ്ട മാർഗം. ഒരു നല്ല മാറ്റം – അത് നമുക്ക് നമ്മളിൽ നിന്ന് തന്നെ തുടങ്ങാം. അങ്ങിനെ ആ മാറ്റം സ്നേഹമായി നമ്മുടെ വീടുകളിൽ, ജോലിസ്ഥലങ്ങളിൽ, സമൂഹങ്ങളിൽ പ്രകാശം വിതയ്ക്കട്ടെ. ജയ് ക്രൈസ്റ്റ് (Jai Christ!).

Leave a Reply

Your email address will not be published. Required fields are marked *