നിന്നെ പോലെ നിന്റെ അയൽക്കാരനെയും…

ബ്രിട്ടനിൽ കോവിഡ് സംഹാര താണ്ഡവം ആരംഭിച്ചു തുടങ്ങിയ മാർച്ച് മാസത്തിൽ ജനങ്ങൾ പരിഭ്രാന്തരായി അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടി ശേഖരിക്കാൻ തുടങ്ങിയത് മൂലം സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ എല്ലാം കാലിയായി തുടങ്ങിയിരുന്നു. മണിക്കൂറുകൾ ക്യൂവിൽ നിന്ന് കടയ്ക്കുള്ളിൽ എത്തിയാലും വെറും കയ്യോടെ മടങ്ങേണ്ടി വന്നിട്ടുണ്ട് പലപ്പോഴും . നല്ല  quality ഉള്ള സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന വാശിയുണ്ടായിരുന്ന പലരും എന്തെങ്കിലുമൊക്കെ കിട്ടിയാൽ മതി എന്ന അവസ്ഥയിൽ എത്തിച്ചേർന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വീടിന്റെ പടിക്കലായി രണ്ട് വലിയ പ്‌ളാസ്റ്റിക്  ബാഗുകൾ , അടുത്തെത്തി തുറന്നു നോക്കിയപ്പോൾ ഒന്നിൽ നിറയെ പലയിനം പച്ചക്കറികളും മറ്റൊന്നിൽ നിറയെ ആപ്പിളും ഓറഞ്ചും അടക്കം നിരവധി ഫല വർഗ്ഗങ്ങളും . ഇതെങ്ങിനെ ഇവിടെയെത്തി. ഇനിയിപ്പോ അയല്പക്കത്തെങ്ങാനും ഹോം ഡെലിവറി ചെയ്തയാൾക്കു വീട്ടു നമ്പർ മാറി പോയതായിരിക്കുമോ എന്ന് കരുതി നോക്കിയപ്പോൾ തൊട്ടടുത്ത മിക്ക വീടുകളുടെ മുൻപിലും ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ കണ്ടു.  ആരോ കൊണ്ട് വന്നു വച്ചിട്ട് പോയതാണ്.
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഒരു പക്ഷെ ഏതെങ്കിലും ചാരിറ്റി സംഘടനകൾ ചെയ്തതാവാം അതുമല്ലെങ്കിൽ വ്യക്തികൾ ആവാം.

എന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതും സന്തോഷിപ്പിച്ചതും ഈ ബാഗുകളുടെ അകത്തോ പുറത്തോ  ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരുമില്ല ചിഹ്നങ്ങളുമില്ല എന്നതാണ്.  വീട്ടുകാരെ വിളിച്ചു നിർത്തി സാധനങ്ങൾ കൈമാറുന്ന  ചിത്രങ്ങൾ എടുക്കുന്നില്ല.
ഇത് എന്നെ വല്ലാതെ സ്പർശിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് . കേരളത്തിലടക്കം പലയിടങ്ങളിലും പല സംഘടനകളും ഭക്ഷ്യ സാധനങ്ങൾ വീട് വീടാന്തരം വിതരണം ചെയ്യുന്നതിന്റെയും അത് വാങ്ങിക്കാൻ നിർബന്ധിതർ ആയവരുടെയും ഫോട്ടോയും വീഡിയോയും എന്റെ  Facebook news feed ഇൽ  ദിനം പ്രതി വന്നുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു  അതെന്നതാണ്‌ .

തീർച്ചയായും സഹായം ആവശ്യമുള്ളവരെ കണ്ടറിഞ്ഞു സഹായിക്കുന്നത് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ് . പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ചെയ്യപ്പെടുന്ന പ്രവൃത്തികളുടെ ശോഭ കെടുത്തുന്ന ഒന്നാണ് സഹായം സ്വീകരിക്കുന്നവരുടെ മനുഷ്യാവകാശങ്ങളെ ബോധപൂർവ്വമോ അല്ലാതെയോ കണ്ടില്ല എന്ന് നടിക്കുന്നത് .  ഏതു സാഹചര്യത്തിലാണെങ്കിലും ഒരാളുടെ ആത്മാഭിമാനം എന്നത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വലിയവൻ എന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഏവർക്കും ഒരുപോലെ ബാധകമാണ് എന്ന വസ്തുത കാണാതെ പോകരുത് . സാഹചര്യങ്ങൾ മൂലം നമ്മുടെ മുൻപിൽ കൈ നീട്ടേണ്ടി വരുന്നവരുടെ അന്തസ്സിനേയും  ആത്മാഭിമാനത്തെയും 
മാനിക്കാതിരിക്കുന്നിടത്തോളം  വലിയ തിന്മയില്ല . 
രണ്ട് വർഷങ്ങൾക്ക്  മുൻപ് കേരളം കണ്ട സമാനതകൾ ഇല്ലാത്ത മഹാ പ്രളയത്തിൽ ഉടു വസ്ത്രമൊഴികെ സർവവും നഷ്ടപ്പെട്ടു ക്യാംപുകളിൽ കഴിയേണ്ടി വന്നവർ തലേന്ന് വരെ ആരുടേയും മുൻപിൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി കൈ നീട്ടേണ്ടി വന്നിട്ടുള്ളവർ ആയിരുന്നില്ല . മഹാമാരിയായ കൊറോണ വിതക്കുന്ന ദുരന്തവും അതിനു സമാനമാണ് . ആർക്കും പ്രവചിക്കാൻ കഴിയില്ല നാളെ നമ്മുടെ ജീവിതത്തിന്റെ വഴികൾ എന്താണ് നമ്മെ കാത്തിരിക്കുന്നതെന്ന്.

ഒരു കിലോ അരി തന്റെ സമ്പന്നതയിൽ നിന്നും ദാനം ചെയ്തിട്ട് അത് നാട് മുഴുവൻ കൊട്ടി ഘോഷിക്കുമ്പോൾ അയാൾ ദാനം സ്വീകരിച്ചയാളെ അപമാനിക്കുന്നതോടൊപ്പം സ്വയം അവഹേളിതൻ ആവുക കൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കഷ്ടം.  മറ്റുള്ളവരിൽ നിന്നും പ്രശംസ ലഭിക്കാൻ നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുൻപിൽ കാഹളം മുഴക്കരുത് . നീ ദാനധർമ്മം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ (Matthew 6:2-3 ).

ഈയടുത്ത നാളിൽ വരെ വലിയ ദുരന്തങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു ജനതയാണ് നമ്മുടേത് .

അതുകൊണ്ടുതന്നെ യുദ്ധക്കെടുതികളും
പട്ടിണിമരണങ്ങളും പകർച്ചവ്യാധികളും ഒക്കെ നമ്മെ സംബന്ധിച്ചിടത്തോളം ലോകത്ത് എവിടെയോ നടക്കുന്ന വാർത്തകൾ മാത്രമായിരുന്നു . നമ്മുടെ കൈയെത്തും ദൂരത്തു എത്തിയപ്പോഴാണ് ഇത്തരം അവസ്ഥകളുടെ തീവ്രത എത്ര വലുതാണെന്ന് നമുക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്.

“Put yourself in someone else’s shoes”
എന്ന് പറയാറുള്ളത് കേട്ടിട്ടുണ്ടാവുമല്ലോ. ഒരാളുടെ ചിന്തകളും വികാരങ്ങളും എന്തായിരിക്കാം എന്ന് തിരിച്ചറിയാൻ കഴിയുന്നത് അയാളുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എങ്ങനെയാവും നമുക്ക് അനുഭവപ്പെടുക എന്ന് ചിന്തിക്കുമ്പോഴാണ് അഥവാ ആ വ്യക്തിയെ നമ്മളിൽ തന്നെ കാണുമ്പോഴാണ് സഹാനുഭൂതി (empathy) എന്ന വികാരം
നമുക്കുണ്ടാവുന്നത്‌.

അതാണ് ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ഉണ്ടാവേണ്ടതും .

മറ്റൊരാളുടെ ദുഖത്തിലും ദുരിതത്തിലും സഹതാപം (sympathy) എന്ന വികാരം ഉണ്ടാവുന്നത് കുറേക്കൂടി എളുപ്പത്തിൽ സംഭവിക്കുന്നതാണ്. കുറേക്കൂടി ചുരുങ്ങിയ അർത്ഥവ്യാപ്തി ആണ് സഹതാപത്തിന് ഉള്ളത്. സഹതപിക്കാൻ ആർക്കും കഴിയും, പക്ഷെ സഹാനുഭൂതി എന്നത് ദൈവികമാണെന്ന് പറയേണ്ടി വരും .

നല്ല സമരിയാക്കാരന്റെ
ഉപമയിലെ ( Luke 10: 30-37) പുരോഹിതനും ലെവായനും ഒക്കെ വഴിയിൽ മുറിവേറ്റ് കിടന്ന ആ യഹൂദനോട് സഹതാപം ഇല്ലായിരുന്നു എന്ന് നമുക്ക് പറയാൻ കഴിയില്ല. പക്ഷേ
അവന്റെ വേദനയെ സ്വന്തം വേദനയായി കണ്ടു സഹാനുഭൂതി ഉണ്ടായത് ആ നല്ല സമരായക്കാരന് മാത്രമായിരുന്നു .

കൊറോണയും പ്രളയവും
ഒക്കെ നമ്മെ പഠിപ്പിച്ചു തരുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് ഭക്ഷണമാണ് ഒരു വ്യക്തിയുടെ ഏറ്റവും പ്രഥമവും പ്രധാനപ്പെട്ടതുമായ ആവശ്യം എന്നതും അത് വാങ്ങാൻ മറ്റൊരാളുടെ ഔദാര്യത്തിനായി കൈ നീട്ടേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവം എന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *