ഓനാച്ചൻറെ ഓർമ്മകൾ

Heavenly Gifts would like to Congratulate Vincent Joseph for securing 1st prize in Adult story writing competition….Congratulations….Beautifully written, inspiring story……..Onachante Ormakal…..

 ഓർമ്മകളുടെ തേരിലേറി യാത്രചെയ്യുന്നത് അന്നും ഇന്നും ഓനാച്ചൻറെ ഒരു വിനോദമായിരുന്നു. ഓനാച്ചൻ എന്ന പേര് അപ്പനും അമ്മയും ഇട്ടതായിരുന്നില്ല. ജോൺ എന്ന പേരിൽ ആണ് അവനെ സ്കൂളിൽ ചേർത്തത്, പല രൂപഭേദങ്ങൾ വരുത്തി ഒടുവിൽ  ഓനാച്ചനിലാണ്  വന്നു ലാൻഡ് ചെയ്തത്. ഇപ്പോൾ പത്തു നാൽപതു വർഷമായി ആ വിളി കേട്ട് സ്വന്തം പേരായ ജോൺ ജോസഫ് എന്ന പേരിനേക്കാൾ കേൾക്കുവാൻ ഇഷ്ടം ഓനാച്ചൻ എന്ന ഓമന പേരായി മാറിയിരിക്കുന്നു.

 പ്രത്യാശയെ കുറിച്ചും പ്രതീക്ഷയെ കുറിച്ചും വചനപ്രഘോഷകനായ ആയ അച്ഛൻറെ വാക്കുകൾ ടിവിയിൽ സാകൂതം ശ്രവിക്കുന്നതിനിടയിൽ  തൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒത്തിരി പ്രതീക്ഷ  നിറഞ്ഞ ആ ദിവസത്തിലേക്ക് ഓനാച്ചൻറെ ഓർമ്മകൾ മുങ്ങിത്താണു.

എൺപത്തി അഞ്ചു – എൺപത്തി ആറു കാലഘട്ടത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം, പഠനം എന്ന് പറഞ്ഞാൽ രാവിലെയും വൈകിട്ടും സ്കൂളിൽ പോകുകയും വരികയും ചെയ്യുന്നുണ്ട് എന്നതല്ലാതെ പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഓനാച്ചനു തന്നെ നല്ല തിട്ടം പോരാ, അതിനു ഓനാച്ചൻ തന്നെ നിരവധി കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പ്രധാന കാരണം ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന ഓനാച്ചനു  വീട്ടിൽ തന്നെ പിടിപ്പത് പണി ചെയ്യുവാൻ ഉണ്ടായിരുന്നു എന്നതാണ്. സ്കൂളിൽ പോകുന്നതിനു മുൻപും, തിരികെ വന്നാലും, അവധി ദിവസങ്ങളിലും എല്ലാം ഓരോരോ കാര്യങ്ങൾ തന്റെ മാതാപിതാക്കൾ ഷെഡ്യൂൾ ചെയ്തു വച്ചിരിക്കും, ഓനാച്ചൻറെ മുഖ്യ ശത്രു വീട്ടിലെ പശു ആയിരുന്നു. രാവിലെ അല്ലെങ്കിൽ വൈകിട്ട് ഒരുകെട്ട് പുല്ലു ചെത്തിയിരിക്കണം, അത് മഴയായാലും വെയിലായാലും. അത് മാത്രമല്ല സീസണനുസരിച്ച് മാറിമാറിവരുന്ന പറമ്പിലെ പണികൾക്കെല്ലാം മക്കളെ ഒപ്പം കൂട്ടുന്ന കാര്യത്തിൽ ഓനാച്ചൻറെ അപ്പൻ കുട്ടിയച്ചൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അങ്ങേരു കണ്ണുരുട്ടി ഒന്നു നോക്കിയാൽ മൂത്രമൊഴിക്കുന്നവരായിരുന്നു ഓനാച്ചൻറെമൂത്ത സഹോദരങ്ങൾ പോലും.

പലപ്പോഴും സ്കൂളിലേക്കുള്ള യാത്രാമധ്യേ ആയിരിക്കും കയ്യിലും ദേഹത്തും പറ്റിപിടിച്ചതും തെറിച്ചതുമായ ഉണങ്ങിയ ഒട്ടുപാൽ പൊളിച്ചു കളയുന്നത് . രാവിലെ റബ്ബർ പാൽ  എടുത്തു വച്ചിട്ട് തോട്ടിൽ പോയി കുളിച്ച് എന്തെങ്കിലും വാരിവലിച്ച് കഴിക്കാനുള്ള തത്രപ്പാടിനിടയിൽ കയ്യിൽ പിടിച്ചിരിക്കുന്ന റബ്ബർ കറ കളയുക എന്നത് ഒരു ഭഗീരഥ പ്രയ്തനം  തന്നെയായിരുന്നു. ഒരു ദിവസമെങ്കിലും വീട്ടിൽ നിന്ന് സമയത്തിന് ഇറങ്ങാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും നടന്നിട്ടില്ല. തലേന്ന്  കൊണ്ട് വന്നു  വച്ചിരിക്കുന്ന  പുസ്തകത്തിൽനിന്നും ടൈംടേബിൾ അനുസരിച്ച് എടുക്കാനുള്ള മെനക്കേടോർത്തു മൊത്തം കൊണ്ടുപോവുകയാണ് പതിവ്.

 കണക്ക് ടീച്ചർ മഹാ മോശമാണ് കാരണം ഹോംവർക്ക് ചെയ്തു കൊണ്ടുവന്നില്ലെങ്കിൽ കൈയുടെ  സ്മൂത്തായ ഭാഗം നോക്കി അവരുടെ പ്രത്യേകം  മിനുക്കി മുനകൂർപ്പിച്ച വച്ചിട്ടുള്ള പെരൂ വിരലിലെ  നഖംകൊണ്ട് നുള്ളി പറിച്ചെടുക്കും, അന്നത്തെ കാലത്ത് കുട്ടികളാരും വീട്ടിൽ ചെന്ന് പറയില്ലെന്നും പറഞ്ഞാലും ആരും ചോദിക്കാൻ വരില്ല എന്നും അറിയാവുന്ന ടീച്ചർമാർ വളരെ ആസ്വദിച്ച് തൃപ്തിയോടെ കൂടിയാണ് ഈ പ്രവർത്തി ചെയ്തിരുന്നത്.

 ഇരുപത്തിയഞ്ചു മിനിറ്റ് നല്ല സ്പീഡിൽ നടന്നാലെ  സ്കൂളിൽ എത്തുകയുള്ളൂ. പത്തുമണിക്ക്  മുൻപുള്ള ബാക്കി അഞ്ചു മിനിറ്റ് സമയം ഓനാച്ചനെ സംബന്ധിച്ച് വളരെ നിർണായകമാണ് .കൂട്ടുകാരനും ബഞ്ച് മേറ്റ്‌മായാ സദാശിവന്റെ കണക്കു ബുക്ക് വാങ്ങി തലേന്ന് തന്നിട്ടുള്ള ഹോംവർക്ക് അതേപടി തന്നെ ബുക്കിലേക്ക് പകർത്താനുള്ള വിലപ്പെട്ട സമയം. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നിവയുടെ  പകർത്തു , ഇവയും ഇത്തരം ചുരുങ്ങിയ സമയത്ത് രണ്ടു പീരിയിടുകൾക്കിടയിലുള്ള  ഇടവേളകളിൽ ഓനാച്ചൻ വിജയകരമായി എഴുതി പൂർത്തിയാക്കി അധ്യാപകരുടെ പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

 എന്നാൽ ആവശ്യമെങ്കിൽ ഈ പ്രവർത്തികൾ ഒക്കെ വീട്ടിലിരുന്ന് ചെയ്യുവാൻ ധാരാളം സമയം ഉണ്ടായിരുന്നുവെങ്കിലും താൽപര്യമില്ലായിരുന്നു. പഠനത്തോടുള്ള അനിഷ്ടം ഒരായിരം ചോദ്യചിഹ്നങ്ങളായി അലട്ടിക്കൊണ്ടിരുന്നു.കപ്പക്ക്  മൂട് കൂട്ടുവാനും , റബ്ബർ പാലെടുക്കുവാനും തെങ്ങിൻ ചുവടു കിളക്കാനും  താൻ എന്തിനു ചോള രാജാക്കന്മാരുടെ ഭരണ പരിഷ്കാരവും ‘മീരാഭായ് കബ് ഹുവാത്തെ ‘  തുടങ്ങിയ  അനാവശ്യ കാര്യങ്ങൾ  പഠിക്കണം തുടങ്ങിയ യുക്തമായ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും  ഉത്തരത്തിനായി ഉത്തരത്തിലും  കഴുക്കോലിലും നോക്കിയിരിക്കുകയും ചെയ്തു.

 അങ്ങനെയിരിക്കെയാണ് തുടക്കത്തിൽ പറഞ്ഞ പ്രത്യാശയുടെയും  പ്രതീക്ഷയുടെയും  കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഴാം ക്ലാസിലെ വലിയ പരീക്ഷയുടെ റിസൾട്ട് വരുന്ന ദിവസം തലേന്ന് ഉറങ്ങിയിട്ടില്ല. കാരണം ഏഴിൽ തോൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനുമുമ്പുള്ള ക്ലാസ് ടീച്ചർമാരുടെ അടുക്കൽ സ്വന്തം കഷ്ടപ്പാടുകളും നിസ്സഹായാവസ്ഥയും കാട്ടി അവരുടെ ദയാദാക്ഷിണ്യത്താൽ ഒരുവിധം കടന്നുപോവുകയായിരുന്നു. എന്നാൽ  ഏഴിലെ ടീച്ചറുടെ അടുക്കൽ ഈവക നുറുക്ക് വിദ്യകളൊന്നും  വിലപ്പോകില്ല

 തോറ്റാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പല വിധവും മനനം  ചെയ്തു. അപ്പന്റെ  കയ്യിൽ നിന്ന്  കിട്ടാൻ സാധ്യതയുള്ള പാണൽ വടികൊണ്ടുള്ള  അടിയാണ് ഏറെ ഭീകരം .അത്  എങ്ങനെയും സഹിക്കാം , ഈ സ്കൂൾ യുപി വരേയുള്ളു .ഹൈസ്കൂൾ ടൗണിലാണ്, കൂട്ടുകാരെല്ലാം അങ്ങോട്ട് പോകും.  അത് ഒരിക്കലും സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചു  കളിച്ചു വളർന്നവരാണ്. ഏകാന്തതയുടെ അപാര തീരത്തു  താൻ ഒറ്റയ്ക്ക്?

പതിനൊന്നു മണിയോടെ റിസൾട്ട് അറിയാൻ സ്കൂളിലേക്ക് പോയി. വഴിയരികിലെ കള്ളുഷാപ്പിന്റെ 

 മുന്നിലൂടെ കടന്നു പോയപ്പോൾ രണ്ട് കണ്ണുകൾ തട്ടിക്കിടയിലൂടെ തെളിഞ്ഞു കണ്ടു. കട്ടിമീശയും ഉണ്ട കണ്ണുകളും  തൻറെ പിതാവിന്റേതാണെന്നു ഒരു ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു. റിസൾട്ടറിഞ്ഞു തിരിച്ചു വരുമ്പോഴും  ഇദ്ദേഹം ഇവിടെ തന്നെ കാണുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തൊണ്ട വരളുന്നതായി  ഓനാച്ചനു തോന്നി .രണ്ടടി കൂടി മുന്നോട്ടു നടന്നതേ ,പലകക്കിടയിലൂടെ ഒരു നീട്ടി വിളി കേട്ടു . ‘എടാ  ഓനാച്ചാ ഇങ്ങു കേറി വാടാ’ , പക്ഷെ ആ ശബ്ദത്തിന് അല്പം സ്നേഹത്തിന്ൻറെ ഈണം  ഉള്ളതുപോലെ തോന്നി .ശരിയാണ്  അപ്പൻ അങ്ങനെയാണ് .പണിയെല്ലാം കഴിഞ്ഞ് ചില ദിവസങ്ങളിൽ അങ്ങനെ ഷാപ്പിൽ പോകും ഒരു ലിറ്റർ വാങ്ങിച്ചു വയ്ക്കും  തൻറെ ആൺമക്കൾ ആരെങ്കിലും അന്നേരം ആ വഴി പോയാൽ വിളിച്ച് ഒരു ഗ്ലാസ് കൊടുക്കും,  ഒരു ചമ്മിയ ചിരിയോടെ കയറിച്ചെന്ന് , ഒരു ഗ്ലാസ് കള്ള്  ഒഴിച്ചു തന്നു .മറ്റു കുടിയന്മാർ തമാശ കാണുമ്പോളേ  ഊറി ചിരിച്ചു .ഒറ്റവലിക്ക് കുടിച്ചിട്ട് വന്നപോലെ തിരിഞ്ഞോടി. റിസൾട്ട് അറിയാൻ പോകുന്നതിന്റെ  ആധിയും  പരവേശവും പെട്ടെന്ന് കെട്ടടങ്ങിയ പോലെ തോന്നി.

പക്ഷേ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല സ്കൂളിൽ നിന്നും റിസൽട്ട് അറിഞ്ഞു  തിരിച്ചുവരികയായിരുന്ന  പി കെ മോഹനൻ ദൂരെ നിന്ന് ഒരു ദയയുമില്ലാതെ  വിളിച്ചുപറഞ്ഞു. നീ പൊട്ടിയെടാ ഓനാച്ച. നീ മാത്രമല്ല നമ്മുടെ ക്ലാസ്സിൽ രണ്ടുപേരുംകൂടി തോറ്റു ജോയിച്ചനും ,രാജുവും.  തലകറങ്ങുന്നതുപോലെ തോന്നി, നാവു വരണ്ടുണങ്ങി , കുടിച്ച  കള്ള്  ആവിയായി പോയി , എങ്കിലും സൈക്കിളിൽ നിന്ന് വീണിട്ട്‌  എഴുന്നേറ്റ് വന്നതുപോലെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു, സത്യം പറ മോഹന ശരിക്കും നോക്കിയോ ? സത്യം, ശരിക്കും നോക്കി.

പിന്നെ പിടിച്ചുനിൽക്കാനായില്ല, കരച്ചിലടക്കി കൊണ്ട് വീട്ടിലേക്ക് ഒരു ഓട്ടമായിരുന്നു. അമ്മ അറിഞ്ഞു മറ്റു സഹോദരങ്ങൾ അറിഞ്ഞു അവരെല്ലാവരും ജയിച്ചിരിക്കുന്നു. എല്ലാവരുടെയും കുറ്റപ്പെടുത്തലും പരിഹാസങ്ങളും സഹിച്ച് അന്ന് മുഴുവൻ കട്ടിലിൽ കമിഴ്ന്നു കിടന്നു.  ആ കിടപ്പുകൊണ്ടുള്ള  മുഖ്യലക്ഷ്യം അപ്പൻറെ ദണ്ഡനങ്ങളിൽ നിന്നുള്ള  എസ്കേപ്പ് ആയിരുന്നു. അത് ലക്ഷ്യം കാണുകയും ചെയ്തു. 

പിറ്റേന്ന് പ്രഭാതത്തിലാണ് പ്രത്യാശയും പ്രതീക്ഷയും  നിറഞ്ഞ  ആ സുന്ദര വാർത്ത ശ്രവിച്ചത് .ചരിത്രത്തിലാദ്യമായി വലിയ പരീക്ഷ തോറ്റവർക്ക് സർക്കാർ ഒരു ചാൻസ് കൂടി കൊടുക്കുന്നു. ഈ അവധിക്കാലത്ത് തന്നെ തോറ്റവർക്ക് ആയി ഒരു ചെറു പരീക്ഷ കൂടി നടത്തും, രണ്ടാഴ്ചത്തെ ക്ലാസ്സുണ്ട്. ഓ സമാധാനമായി , അമ്മ നെഞ്ചത്ത് കൈവച്ചു .ദൈവം എന്തേലും ഒരു വഴി കാണിക്കും എന്ന് എനിക്കറിയാമായിരുന്നു .ഓനാച്ച നിനക്ക് വേണ്ടി ദൈവം ഒരുക്കിയ  വഴി ആണ് ഇത്. ഇതിൽ  നീ വിജയിക്കാതെ  ഇരിക്കില്ല , ഉഴപ്പി നടക്കാതെ നന്നായി പഠിച്ചോ .

 ഏറെ  ആശ്വാസത്തോടെയും  പ്രതീക്ഷയോടെയും രണ്ടാഴ്ച പരീക്ഷയ്ക്കു മുൻപുള്ള ക്ലാസ്സിൽ പങ്കെടുത്തു  പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി . അയലത്തെ  അന്നമ്മ ചേടത്തി പറഞ്ഞു ഇത്രയും കാലത്തിനിടയ്ക്ക് ഞാൻ ആദ്യം കേൾക്കുക ഒരിക്കൽ തോറ്റവർക്ക് വീണ്ടും അവസരം കിട്ടുന്നത്, ഇത് നിന്റെ വേദന കണ്ടിട്ട്  ദൈവം ഉണ്ടാക്കിയ അവസരമാണ് മോനെ , ധൈര്യമായിരിക്ക് നീ തീർച്ചയായും ജയിക്കും . അന്നമ്മച്ചേടത്തിയുടെ ആശ്വാസവാക്കുകൾ ഓനാച്ചനിൽ ഒത്തിരി ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായി. അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയെ ദൈവത്തെ പോലെ കാണുവാൻ ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അത്. ദൈവം ഇത്രയും കാത്തെങ്കിൽ  വിജയം ഉറപ്പാണെന്നും ടെൻഷൻ ആവശ്യമില്ലെന്നും അവർ തിരിച്ചറിഞ്ഞു.

 പരീക്ഷ കഴിഞ്ഞു മൂന്നാം ദിവസം റിസൾട്ട് വന്നു, ഇത്തവണ അധികം ടെൻഷൻ ഉണ്ടായിരുന്നില്ല കാരണം ദൈവത്തിന്റെ  പദ്ധതി അല്ലേ? സ്കൂളിൽ പോയി കുറച്ചു പേരെ ഉള്ളൂ എന്നതുകൊണ്ട് കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. ക്ലാസ് VII  A  (1 )  ജോയി സെബാസ്റ്റ്യൻ  (2 ) രാജു  ടി . കെ , ജോൺ  ജോസഫിന്റെ  പേര് കാണുന്നില്ല . തല കറങ്ങുന്നതായി തോന്നി. പിന്നെ ഒന്നും ഓർമ്മയില്ല.

 പുറത്തെ തെരുവിൽ നിന്നും ബാൻഡ് മേളങ്ങളുടെയും പടക്കം പൊട്ടുന്നതിന്റെയും  ശബ്ദം കേട്ടാണ് ജോൺ ഓർമ്മകളിൽനിന്നും ഉണർന്നത് .ജനാലയുടെ കർട്ടൻ  നീക്കി പുറത്തേക്ക് നോക്കി ,പ്രധാന വിധിയിലൂടെ ആയിരക്കണക്കിന് ആളുകൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കറുത്ത വർഗക്കാരും വെളുത്തവരും വർണ-വർഗ വിത്യാസമില്ലാതെ താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്നുനീങ്ങുകയാണ്.  ജോ ബൈഡന്റെ ചിത്രങ്ങളും , വിജയ് സൂചകമായി പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചിരിക്കുന്നു. ആദ്യ ഫലസൂചനകൾ വന്നുതുടങ്ങിയതിന്റെ ആവേശത്തിലാണ് അണികൾ 

നിയോൺ വെളിച്ചത്തിൽ  സുന്ദരിയായ ആ നഗര സന്ധ്യ ആവേശഭരിതമാക്കി കടന്നുപോയ പ്രകടനത്തെ നോക്കി അയാൾ  കുറച്ചുനേരം കൂടി അങ്ങനെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *