രചിക്കാനാവാത്ത പുസ്തകങ്ങൾ

Heavenly Gifts would like to Congratulate Lovely Benny for securing 2nd prize in Adult story writing competition….Congratulations…. An inspiring story based on the recent COVID situation……..രചിക്കാനാവാത്ത പുസ്തകങ്ങൾ. 

“ദേ എലമ്മേ ഈ  കാർമേഘം പെയ്തിറങ്ങിയാൽ പ്രകൃതിയുടെ മൂടൽ മാറും. പക്ഷെ എന്റെ കുഞ്ഞിനെ ഒന്ന് വീട്ടിൽ കയറാൻ ഈ നാട്ടുകാർ അനുവദിച്ചില്ലെങ്കിൽ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും” അണപൊട്ടിയൊഴുകിയ ആ  കണ്ണുനീരിനു മുൻപിൽ അന്നമ്മ ടീച്ചറിന്റെ നെഞ്ചകം പിളർന്ന വാക്കുകൾക്കു മുൻപിൽ ഒരുറച്ച തീരുമാനത്തോടെ ഞാൻ നടത്തിത്തരാമെന്ന ഒരുറപ്പ് അപ്പോൾ തന്നെ കൊടുത്താൽ മതിയായിരുന്നു. ഞാൻ എന്തെ അപ്പോൾ അത് പറഞ്ഞില്ല? ഇതുപോലെ ഉള്ള ഘട്ടങ്ങളിൽ തീരുമാനം എടുക്കാൻ ആയിരുന്നില്ലേ ഒരു ജനപ്രതിനിധി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് ? ക്വാറന്റൈൻ കാലം കഴിഞ്ഞിട്ടും ഈ പ്രവാസികളെ നാട്ടുകാർ എന്തേ ശത്രുക്കൾ ആയി കാണുന്നു? എബി വന്നിട്ട് കണ്ടില്ല, ചെന്നില്ല എന്നൊക്കെ പരാതിയും, പരിഭവവും പറഞ്ഞവർ എത്ര പെട്ടെന്നാണ് മുഖം തിരിച്ചത്? ഒന്നോർത്താൽ ഈ മുഖാവരണം മനസ്സിനേയും ആവരണം ചെയ്‌തോ ? ഒന്നുറങ്ങാൻ കൊതി പൂണ്ട് കട്ടിലിൽ കിടന്ന എനിക്ക് ഇതെന്തുപറ്റി? മനസ്സാക്ഷിയുടെ ചോദ്യങ്ങൾ ഇത്രമേൽ ആഴമായി എന്നെ ഇതുവരെ മുൾമുനയിൽ നിർത്തിയിട്ടില്ല. അല്ല, ഞാൻ എന്തൊരുപൊട്ടി?കോറോണയെന്നു കേൾക്കുന്നതും ഇതാദ്യമല്ലേ!!!!! സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ജോസഫ്‌സാറിനോട് ആ  കുടുംബത്തോട് പ്രവാസിയായ ഒരു മകന്റെ പേരിൽ ഇത്രയും രോഷം പാടില്ലായിരുന്നു. ഒന്നുമല്ലെങ്കിലും പള്ളിക്കാര്യത്തിനും, നാട്ടുകാര്യങ്ങൾക്കും കൈയയച്ചു സംഭാവന തന്നിരുന്നതെങ്കിലും  ഓർക്കമായിരുന്നു . അല്ല അന്നമ്മടീച്ചർ പഠിപ്പിച്ച കുട്ടികൾ അല്ലെ ഇവരൊക്ക. നാടിന്റെ നന്മക്കായി ഒന്നിച്ചു നിന്ന് പ്രവർത്തിക്കണമെന്ന് എന്നും ചൊല്ലി പഠിപ്പിച്ച ടീച്ചറിന് ഇവരൊക്കെ ഒന്നിച്ചു പ്രവർത്തിക്കുന്നത് കാണാൻ സാധിച്ചു . പക്ഷെ അതിങ്ങനെ ആയി എന്നുമാത്രം !!! പള്ളിയിൽ പോയി അച്ഛനുമായി സംസാരിച്ചു തീരുമാനിക്കാമെന്ന് പറയേണ്ടിയിരുന്നില്ല. 

നിദ്ര കനം തൂക്കിയ കണ്ണുകളുമായി  കട്ടിലിൽ തിരിഞ്ഞു കിടന്നു ഏലമ്മ ക്ലോക്കിലേക്കു നോക്കി. വെളുപ്പിനെ രണ്ടുമണി. എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ലല്ലോ, ദൈവമേ ഈ വാർഡ് വനിതാസംവരണ വാർഡ് ആക്കേണ്ടിയിരുന്നില്ല. അതുകൊണ്ടല്ലേ ഞാനും കൂടി പോയി സംസാരിക്കേണ്ടി വന്നത് ?ഇതിലൊക്കെ ഈവക പ്രശ്നങ്ങൾ ഉണ്ടെന്നു തന്നെ അറിയേണ്ടി വന്നത്. എന്നാലും ഒരല്പം നാണക്കേട് ഇല്ലാതില്ല. വേദപാഠവും, കുർബാനയും ഒക്കെയായി നടക്കുന്ന അതിപുരാതന ക്രിസ്ത്യാനികളെ ഒറ്റ മിനുറ്റിൽ വേദപാഠം പഠിപ്പിച്ച അദ്ദേഹം മിടുക്കൻ തന്നെ…

ഏലമ്മ ഓർമകളിലേക്ക് ഊളിയിട്ടു …

എന്റെ 

“അച്ചോ strock വന്നു ഇന്ന് ഇരുപതാം ദിവസമാണ് ജോസ്ഫ്ച്ചേട്ടൻ മരിച്ചത് . മരണകാരണം കൊറോണ അല്ലെന്നു നമുക്ക് എല്ലാവര്ക്കും അറിയാം. എബി വന്നിട്ട് ഇന്ന്  കൃത്യം പതിനഞ്ച് ദിവസം ആയില്ലേ? നമ്മൾ മനുഷ്യത്വം വിട്ടു പെരുമാറിരുത് അച്ഛാ. ജോസ്ഫ്ച്ചേട്ടനെ എല്ലാ കര്മങ്ങളോടും കൂടി പള്ളിയിൽ അടക്കം ചെയ്യണം”.ഇടറിയ ശബ്ദം  തൊണ്ടകീറി  പുറത്തെടുത്തു ഡോക്ടർ സുധി ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചത് കേട്ടപ്പോൾ ഞാനും മനസ്സിൽ അത് ശരിവച്ചായിരുന്നു. പക്ഷെ ഉറക്കെ പറഞ്ഞാൽ ഞാൻ പിന്നെ അവരുടെ പക്ഷത്തല്ല എന്ന തോന്നൽ വേണ്ടല്ലോ എന്നോർത്ത് മിണ്ടിയില്ല എന്നതല്ലേ സത്യം .

“ഓ പിന്നെ, നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ സമ്മതിക്കത്തില്ല, അമേരിക്കക്കാരൻ മകൻ വന്നതാണ് , കൊറോണ കാണുമെന്നു ഇവിടെ മുഴുവൻ ജനം പറയുന്നുണ്ട് ഒരു കൂട്ടുകാരൻ ഡോക്ടർ ഒത്താശക്ക് വന്നിരിക്കുന്നു, താൻ എവിടെ പഠിച്ച ഡോക്ടർ ആടോ?”മഞ്ഞുകട്ടകൾക്കു മുകളിൽ കാറിന്റെ ചക്രം തെന്നിമാറുന്നതുപോലെ വാക്കുകളെ തെന്നിച്ചു തോമസുകുട്ടി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചപ്പോൾ ഒരു ഡോക്ടറോടുള്ള ബഹുമാനം കാട്ടിയില്ലെങ്കിലും,മൂക്ക് തുളച്ചു കയറിയ മദ്യത്തോടുള്ള അമര്ഷം എങ്കിലും പ്രകടിപ്പിക്കാമായിരുന്നു .

അച്ചോഇവൻ ഈ പറയുന്നത് തിന്ന ചോറിനുള്ള ഒരു നന്ദി പ്രകാശനം ആണച്ചോ. ഇവനെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത് ജോസ്ഫ്ച്ചേട്ടൻ  ആണ്.. ..അൻപതിനായിരം രൂപ കടം വാങ്ങി തിരിച്ചു കൊടുക്കാതെ അതുവരെ ജോസ്ഫ്ച്ചേട്ടന്റെ വീടിന്റെ വഴി മാറിനടന്ന ജോണി ഒരു ഉളുപ്പും കൂടാതെ ആ മനുഷ്യനെ തേജോവധം ചെയ്തപ്പോൾ ഞാൻ മധ്യസ്‌തം നിന്ന് കാശുവാങ്ങിയ കാര്യമെങ്കിലും ഓര്മിപ്പിക്കാമായിരുന്നു.

“കഷ്ട്ടപെടുന്നവന്റെയും, വിഷമിക്കുന്നവന്റെയും മനസ്സറിഞ്ഞു പെരുമാറിയ ജോസ്ഫ്ച്ചേട്ടൻ ആയിരുന്നു എന്റെ ബൈബിൾ, അവിടെനിന്നാണ് ഈശോയുടെ സ്നേഹം ഞാൻ ആദ്യമായി മനസ്സിലാക്കിയത് . അതുകൊണ്ടു ഞാൻ എബിക്കൊപ്പം നിന്ന്‌ അന്തസ്സായി ഈ  ചടങ്ങു് ഭംഗിയായി നടത്തും”എന്ന് അക്രൈസ്‌തവനായ സുധി പറഞ്ഞപ്പോൾ ഈ അൻപതു വയസ്സുകൊണ്ടു പഠിക്കാത്ത ഒരു വലിയ വേദപാഠം ഞാൻ പഠിച്ചല്ലോ…..

എനിക്കും ആകാമായിരുന്നു ……നാളെ മുതൽ എങ്കിലും മുഖം നോക്കാതെ, സത്യത്തിനും , നന്മക്കും വേണ്ടി എനിക്കും നിലകൊള്ളണം ..

ഭിത്തിയിലെ ക്ലോക്കിൽ മണി മൂന്നടിക്കുന്നതു കേട്ടു തിരിഞ്ഞു കിടന്നു ഏലമ്മ ആത്മഗതം പറഞ്ഞു …..അല്പനേരം എങ്കിലും ഇനി ഒന്ന് ഉറങ്ങട്ടെ .

Leave a Reply

Your email address will not be published. Required fields are marked *