ഒറ്റപ്പെട്ടവർ

നിങ്ങൾ എന്നെങ്കിലും രോഗത്താൽ ഒറ്റപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?

വേദനകളിലേയ്ക്ക് ഉറക്കമുണരുന്നവർ

ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വരുന്നവർ

വാതിൽപ്പുറത്തെ ഓരോ കാൽപെരുമാറ്റത്തിലേയ്ക്കും പ്രതീക്ഷയോടെ കണ്ണു തുറക്കുന്നവർ

അവ അകന്നകന്നു പോകുമ്പോൾ നെടുവീർപ്പിടുന്നവർ

വേദനകളെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നവർ

ആശ്വാസത്തിന്റെ കരസ്പർശം കൊതിക്കുന്നവർ

ദശതേഞ്ഞ ശരീരത്തിൽ എല്ലുകൾ മുള്ളുകളാകുമ്പോൾ തിരിഞ്ഞൊന്നു കിടക്കാൻ ആശിക്കുന്നവർ

മലമൂത്രശങ്കകൾ പിടിച്ചു വയ്ക്കാൻ നോക്കുന്നവർ

നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സ്വയം ശപിക്കുന്നവർ

മക്കളുടെയും അന്യരുടെയും മുൻപിൽ നഗ്നത കാട്ടേണ്ടി വരുമ്പോൾ ചൂളുന്നവർ

വിരുന്നുകാർ വന്നൊന്നെത്തി നോക്കി മടങ്ങുമ്പോൾ
ഭൂതകാലങ്ങളിലേയ്ക്ക് ഊളിയിടുന്നവർ

അവരുടെ സംസാരങ്ങളിലെ തന്നിലേയ്ക്ക് കാതോർക്കുന്നവർ

ഒരു വസ്തു മാത്രമായതറിഞ്ഞു കണ്ണീർ വാർക്കുന്നവർ

മനസ്സുകളിൽ നിന്നു മനപ്പൂർവ്വം അപ്രത്യക്ഷമാക്ക പ്പെടുന്നവർ

ഓരോ രാത്രിയിലും മരണത്തെ കൊതിക്കുന്നവർ…

അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഒറ്റപ്പെട്ട ജീവിതപങ്കാളിയെക്കുറിച്ച്

ചിറകുമുളയ്ക്കാത്ത മക്കളെക്കുറിച്ച്

അവരുടെ ത്യാഗങ്ങളെക്കുറിച്ച്

നഷ്ടപ്പെടുത്തുന്ന സന്തോഷങ്ങളെക്കുറിച്ച്

ഉരുകിത്തീരുന്ന ജന്മത്തെക്കുറിച്ച്…

ഭൂപടത്തിൽ നിന്നു മാഞ്ഞു മാഞ്ഞു പോകുന്ന
അവരാണ് യഥാർത്ഥ ദൈവങ്ങൾ !

Leave a Reply

Your email address will not be published. Required fields are marked *