അഗതിമന്ദിരത്തിലെ മാതാവ്
“ഈ നാട് മുഴുവൻ മാറിയിട്ടും ഈ സ്ഥലത്തിനു മാത്രം ഒരു മാറ്റവും ഇല്ല, അല്ലേ?” എൻ്റെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കാതെ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽനിന്നും ദൃഷ്ടി ഉയർത്തി ഞാൻ ലിസ്സിയെ ഒന്നു നോക്കി. അലസ്സമായി, അകലേക്ക് കണ്ണും നട്ട് അവൾ ഇരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പതിനാലു വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതിൻ്റെ വേദന ഒരു നിസ്സംഗ ഭാവമായി അവളുടെ മുഖത്ത് തളം കെട്ടി നിൽക്കുന്നു. നാട്ടിൽ വരുമ്പോഴെല്ലാം അവൾ ഇങ്ങനെയാണ്. നാട്ടുകാരുടെയും സ്വന്തക്കാരുടെയും ചോദ്യങ്ങളെ അവൾ ഭയക്കുന്നു. “എന്താ പ്രശ്നം? ആർക്കാ കുഴപ്പം?..” നിരവധി ചോദ്യങ്ങൾ..
അയർലൻഡിലെ തിരക്കുപിടിച്ച ജീവിതത്തിനും ജോലിക്കുമിടയിൽ അവൾ ഇതൊക്കെ മറക്കും. പക്ഷെ ഇവിടെ എത്തുമ്പോൾ വല്ലാത്തൊരു ഏകാന്തത, എല്ലാവരും ഉണ്ടായിട്ടും….
ഈ യാത്ര നാട്ടിൽ വരുമ്പോഴെല്ലാം പതിവുള്ളതാണ്.എൻ്റെ ബാല്യവും കൌമാരവും യൌവ്വനത്തിൻ്റെ തുടക്കവുമെല്ലാം ഈ കൊച്ചു ഗ്രാമത്തിലായിരുന്നു.എൻ്റെ അപ്പച്ചൻ തൊട്ടടുത്ത ടൌണിൽ ഒരു തുണിക്കട തുടങ്ങിയതോടെ അവിടേയ്ക്ക് താമസ്സം മാറ്റേണ്ടി വന്നു.
ആലുമ്മൂട്ടിൽ അച്ചനെ ഒന്നു കാണണം, അതിനാണീ യാത്ര. വർഷങ്ങളായുള്ള ബന്ധമാണ്. അച്ചനിവിടെ ഒരു അഗതി മന്ദിരം നടത്തുന്നു. പ്രായമേറിയവരാണധികവും, മക്കളുപേക്ഷിച്ചു പോയവർ, സ്വന്തക്കാരും ബന്ധക്കാരും നഷ്ടപ്പെട്ടവർ….
അച്ചനെ കാണണം, സംസാരിക്കണം, പതിവുപോലെ ഒരു ചെറിയ തുക ടൊണേറ്റ് ചെയ്യണം. സന്ധ്യയാവുന്നു..പുറത്ത് വെളിച്ചം കുറഞ്ഞു വരുന്നു.. ആക്സിലറേറ്ററിൽ എൻ്റെ കാൽ കൂടുതൽ അമർന്നു. നാളെ തിരിച്ചു പോകാനുള്ളതാണ്. വെളുപ്പിനെ വീട്ടിൽനിന്നും ഇറങ്ങണം, പെട്ടി പായ്ക്കിംഗ് കഴിഞ്ഞിട്ടില്ല.
കാർ അഗതി മന്ദിരത്തിൻ്റെ ചരൽ വിരിച്ച മുറ്റത്തു വന്നു നിന്നു.കാറിൽ നിന്നിറങ്ങാതെ ഞാൻ അച്ചൻ്റെ റൂമിലേക്ക് നോക്കി. അകത്തു വെളിച്ചമുണ്ട്. പകലെങ്ങാനും വന്നാൽ അച്ചനെ കാണണമെങ്കിൽ പറമ്പിൽ പോകണം. മുഷിഞ്ഞ കൈലിയും, ബനിയനും ഇട്ട് കൃഷിപ്പണിയിലായിരിക്കും അച്ചൻ. “പ്രായം ഇത്രയും ആയിട്ടും അച്ചനൊന്നടങ്ങിയിരുന്നുകൂടെ..?” ഞാൻ ചോദിക്കാറുണ്ട്. അപ്പോൾ അച്ചൻ പറയും.. “ഇതേ, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലൊന്നും അല്ല കറങ്ങുന്ന കസ്സേരയിൽ കയറി ഇരിക്കാൻ.. കപ്പയായാലും, ചേനയായാലും ഒരു നേരത്തെ ഭക്ഷണത്തിന് ഇതു കുറച്ച് ചിലവാക്കിയാൽ മതിയല്ലോ.. ഈ കൃഷിയും നിങ്ങളേപ്പോലുള്ളവരുടെ നല്ല മനസ്സും കാരണം ഇവിടെ കുറേപ്പേർ ജീവിച്ചു പോകുന്നു. എൻ്റെ കാലശേഷം ഇതെങ്ങനെ നടക്കും എന്നൊരു വിഷമം മാത്രം.”
ഞാനും ലിസ്സിയും കാറിൽ നിന്നിറങ്ങി നടന്നു. കാറിൻ്റെ ശബ്ദം കേട്ടിട്ടാകാം ആലുമ്മൂട്ടിൽ അച്ചൻ പുറത്തേക്ക് ഇറങ്ങി വന്നു. അല്പം വൃത്തിയുള്ള ലുങ്കിയും ഷർട്ടും തന്നെ വേഷം.കണ്ടാൽ വല്ല വീട്ടുപണിക്കാരനും ആണന്നേ പറയൂ. ഒരു സിനിമയിൽ പറഞ്ഞപോലെ, ‘സിമ്പിളാണ് ബട്ട് പവർഫുൾ.’ അച്ചൻ സൂക്ഷിച്ച് നോക്കുന്നുണ്ട്. പഴയപോലെ കാഴ്ച അത്ര പോര. അടുത്തെത്തിയപ്പോൾ അച്ചന് ആളെ മനസ്സിലായി. “തോമസ്സേ, ലിസ്സീ വാ.., കേറി വാ..” അച്ചൻ വാത്സല്യത്തോടെ വിളിച്ചു. ‘തോമസ്സ്’.. ഈ പേര് ഞാൻ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു. എന്റെ മാമോദീസ്സാ പേരാണ്. ഇപ്പോൾ അച്ചൻ മാത്രമേ ഈ പേര് വിളിക്കൂ. ആലുമ്മൂട്ടിൽ അച്ചൻ എൻ്റെ ഇടവക പള്ളിയിൽ വികാരിയായി ഇരുന്നിട്ടുണ്ട്. അന്നു മുതൽ അച്ചൻ ‘തോമസ്സ്’ എന്നേ വിളിക്കൂ..
“വാ.. അകത്തിരിക്കാം, അല്ലങ്കിൽ വേണ്ട.. പുറത്തുതന്നെ ഇരിക്കാം.. അകത്ത് ഭയങ്കര ചൂടാണ്.” അതും പറഞ്ഞ് അച്ചൻ പോയി രണ്ടു കസ്സേരയും എടുത്തുകൊണ്ടുവന്ന്, പുറത്ത്, അച്ചനിരുന്നു പത്രം വായിക്കാറുള്ള കസ്സേരയുടെ അടുത്തേക്കിട്ടു. “ഇരിക്ക്” അച്ചൻ പറഞ്ഞു. ഇരിക്കാൻ മടിച്ച് നിൽക്കുന്ന ലിസ്സിയെ നോക്കി അച്ചൻ ചോദിച്ചു “അല്ലാ.., ലിസ്സിയെന്താ ഒന്നും മിണ്ടാത്തത്? ഈ കാലാവസ്ഥ ഒട്ടും പിടിക്കുന്നുണ്ടാവില്ല അല്ലേ..?” അവൾ ചെറുതായൊന്നു ചിരിക്കുക മാത്രം ചെയ്തു. പതിവു നൊമ്പരപ്പെടുത്തുന്ന ചോദ്യങ്ങൾ അച്ചനിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നുണ്ടാവാം.
വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഇവൾ എത്ര മാത്രം സന്തോഷവതിയും ഊർജ്ജസ്വലയും ആയിരുന്നു. “വർഷം ഇത്രയും ആയില്ലേ? ഇതെല്ലാം മറന്നുകള” ഞാൻ പലപ്പോഴും അവളോട് പറയാറുണ്ട്.
ഞാൻ ലിസ്സിയുടെ കൈ വലിച്ച് കസ്സേരയിൽ ഇരുത്തി. അച്ചനോട് വിശേഷങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ മൂന്നു ചായ എത്തി. ‘ജോസ്സേട്ടൻ..’ ആള് ഇതിങ്ങനെയാണ്. ആരുവന്നാലും ചായ ഉണ്ടാക്കി കൊണ്ടുവരും. മക്കൾ ഉപേക്ഷിച്ച ആളാണ്, എങ്കിലും ജോസ്സേട്ടന് പരിഭവമില്ല. എപ്പോഴും സന്തോഷം മാത്രം. നിഷ്കളങ്കമായൊരു ചിരി എപ്പൊഴും ആ മുഖത്തുണ്ട്. ഇവിടെ സന്ധ്യാ പ്രാർഥന ലീഡ് ചെയ്യുന്നതും, അന്തേവാസ്സികളുടെ കാര്യങ്ങളന്വേഷിക്കുന്നതും, അച്ചനെ കൃഷിപ്പണിയിൽ സഹായിക്കുന്നതും ഒക്കെ ജോസ്സേട്ടനാണ്. അല്പമൊരു ക്യൂരിയോസ്സിറ്റിയോടുകൂടി ഞാൻ ജോസ്സേട്ടനോട് ചോദിച്ചു; “ജോസ്സേട്ടന് എത്ര വയസ്സായി?” “അറുപത്..” ജോസ്സേട്ടൻ പെട്ടന്നുതന്നെ മറുപടി പറഞ്ഞു. “അല്ല ജോസ്സേ, ഇതുതന്നെയല്ലേ കഴിഞ്ഞ വർഷവും നീ എന്നോട് പറഞ്ഞത്?” അച്ചൻ ഒരല്പം തമാശ്ശ കലർന്ന സ്വരത്തിൽ ചോദിച്ചു. ചെറിയൊരു ചിരിയോടെ തലയൊന്നു കുലുക്കി കാണിച്ച് ജോസ്സേട്ടൻ അകത്തേക്ക് നടന്നു.
വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, ജനാലയിൽ കൈ പിടിച്ച് അകലേയ്ക്ക് നോക്കി നിൽക്കുന്ന ഒരമ്മച്ചി. അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി നിൽക്കുന്നു. ഇവിടെ ഇതിനു മുൻപ് കണ്ട് പരിചയമില്ല. പുതിയ ആളായിരിക്കും. “അച്ചാ, ഏതാണീ അമ്മച്ചി? എന്തിനാണിവർ ഇങ്ങനെ നിൽക്കുന്നത്? ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.” ഞാൻ അച്ചനോട് ചോദിച്ചു. അച്ചൻ കണ്ണുയർത്തി ജനാലയിലേക്ക് നോക്കി. “ആ.. അത് അന്നാമ്മ ചേടത്തി, ഞങ്ങൾ അന്നാമ്മച്ചി എന്നു വിളിക്കും. ഒരാഴ്ചയായി ഇവിടെ വന്നിട്ട്. അതൊരു വല്ലാത്ത കഥയാ തോമസ്സേ..” അച്ചൻ പറഞ്ഞു നിർത്തി. കഥ കേൾക്കാനുള്ള എൻ്റെ ഉത്സാഹം കണ്ടപ്പോൾ, അച്ചൻ കാണാതെ ലിസ്സി എന്നെ ചെറുതായൊന്നു നുള്ളി. അവളുടെ കൈ തട്ടിമാറ്റി ഞാൻ എന്തെന്ന ഭാവത്തിൽ അവളെ നോക്കി. ലിസ്സിയുടെ നോട്ടത്തിൽ നിന്നും മുഖ ഭാവത്തിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി. ലേറ്റാവുന്നു.. ഇവിടെ അടുത്ത് വളരെ പ്രസിദ്ധമായ മാതാവിൻ്റെ ഒരു പള്ളിയുണ്ട്. തിരിച്ച് പോകുന്നതിനു മുൻപ് അവിടെയൊന്നു കയറി പ്രാർത്ഥിക്കണം, ആഗ്രഹിച്ച് വന്നതാണ്, മുൻപ് പലപ്പോഴും ശ്രമിച്ചെങ്കിലും തിരക്കുമൂലം നടന്നില്ല. ലിസ്സിയുടെ മുഖത്തുനിന്ന് കണ്ണെടുക്കും മുൻപേ അച്ചൻ കഥ പറഞ്ഞുതുടങ്ങിയിരുന്നു.
കുന്നും മുകളിലെ അര ഏക്കർ സ്ഥലത്തെ ഒരു കൊച്ചു വീട്ടിലാണ് അന്നാമ്മച്ചിയും വർക്കിച്ചനും താമസ്സിച്ചിരുന്നത്. ഉള്ള സ്ഥലത്ത് കൃഷിപ്പണി ചെയ്തും, മറ്റു പറമ്പിലൊക്കെ പണിയെടുത്തുമാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. മക്കളില്ലാതിരുന്ന അവർക്ക് വാർദ്ധക്യത്തിൻ്റെ പടിവാതിലിൽ എത്തിയപ്പോഴാണ് ഒരു കുഞ്ഞ് പിറന്നത്. ഇസ്സഹാക്കിനെ പോലൊരു ആൺ കുഞ്ഞ്. ‘ജോസഫ്’ എന്നു പേരിട്ടെങ്കിലും സ്നേഹപൂർവ്വം അവർ അവനെ വിളിച്ചത് ‘ജോമോൻ’ എന്നാണ്.
ജോമോനുണ്ടായി മൂന്നാം വർഷം വർക്കിച്ചനെ ദൈവം വിളിച്ചു. ഹാർട്ട് അറ്റാക്കായിരുന്നു. അതിനുശേഷം മകനെ വളർത്താനും പഠിപ്പിക്കാനും ഈ അമ്മ നന്നേ കഷ്ടപ്പെട്ടു. ഇടവക പള്ളിയും,നാട്ടുകാരും കുറേയൊക്കെ സഹായിച്ചു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തുടർന്ന് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മകനെ ഒരു ഇലക്ട്രീഷ്യനാക്കുവാൻ തീരുമാനിച്ച് പഠിപ്പിച്ചു. പ്രായമേറി വരികയല്ലേ എത്രനാൾ ഇങ്ങനെ മുന്നൊട്ടുപോകും?
ജോമോൻ വളരെ മിടുക്കനാണ്. ഇടവക പള്ളിയിലും നാട്ടിലുമൊക്കെ പ്രിയപ്പെട്ടവൻ. എല്ലാവരെയും സഹായിക്കും. ഇടവക പ്രവർത്തനത്തിലൊക്കെ മുൻപന്തിയിൽ. വയസ്സിപ്പോൾ ഇരുപത്തി ഏഴായി.കല്യാണാലോചനകൾ ഒക്കെ തകൃതിയായി നടക്കുന്നു. എങ്കിലും ഒന്നും അങ്ങോട്ട് ശരിയായി വരുന്നില്ല. തൻ്റെ മകന് എറ്റവും നല്ല പെണ്ണ് തന്നെ വേണമെന്ന് അന്നാമ്മച്ചിക്ക് നിർബന്ധമാണ്. “ചുമ്മാ ആരെയെങ്കിലും കെട്ടി കൊണ്ടുവരാൻ പറ്റുവോ? എന്റെ മോന് ചേർന്നതായിരിക്കേണ്ടേ.” അന്നാമ്മച്ചി പറയും.
മകന് കല്യാണപ്രായമായെങ്കിലും അന്നാമ്മച്ചിക്കവൻ കുഞ്ഞു ജോമോനാണ്. ജോലി കഴിഞ്ഞ് അവൻ വരുന്നതും നോക്കി ഇരിക്കും. നേരമൊന്നു വൈകിയാൽ ആധി ഇളകും. ഇനി വന്നു കഴിയുമ്പോഴോ, ദേഹം മുഴുവൻ ഒരു പരിശോധനയാണ്. ദേഹത്തെങ്ങാനും ഒരു പോറലോ, മുറിവോ കണ്ടാൽ മതി അന്നാമ്മച്ചിക്ക് വിഷമം വരാൻ. പിന്നെ ഉപദേശവും. “സൂക്ഷിച്ചൊക്കെ ജോലി ചെയ്യെണ്ടേ മോനേ..ഫാനും ലൈറ്റും ഒക്കെ ഇടാൻ കയറുമ്പോൾ സൂക്ഷിക്കണം.. പിന്നേ.. കള്ളുകുടിക്കുന്നവരുമായി വലിയ കൂട്ടൊന്നും വേണ്ട കേട്ടോ..”
എല്ലാ സാധാരണ ചെറുപ്പക്കാരെയും പോലെ ദിവസ്സവുമുള്ള ഈ ഉപദേശം ജോമോനും അത്ര ഇഷ്ടമൊന്നുമല്ല. “അല്ലാ… അമ്മച്ചിക്ക്, എനിക്കെത്ര വയസ്സായെന്നാ വിചാരം? ഞാനേ കൊച്ചു കുഞ്ഞൊന്നുമല്ല!” ഒരല്പം ദേഷ്യത്തോടെ ജോമോൻ പറയും. എങ്കിലും അവന് അമ്മച്ചിയെ ജീവനാണ്. തന്നെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ സങ്കടപ്പെടുത്തരുതെന്ന് അവന് നിർബന്ധമുണ്ട്.
ദിനങ്ങൾ കടന്നുപോയി.. ഒരു ദിവസം ജോലികഴിഞ്ഞ് പതിവുപോലെ കടയിൽ നിന്നും പച്ചക്കറികളും, അമ്മച്ചിക്കേറ്റവും ഇഷ്ടമുള്ള നെയ്യപ്പവും വാങ്ങി വീട്ടിലേക്ക് നടക്കുകയാണ്. ഒരല്പം താമസ്സിച്ചു. മഴക്കാറുമുണ്ട്. ജോമോൻ നടത്തത്തിന് വേഗം കൂട്ടി. അമ്മച്ചി പതിവുപോലെ കാത്തിരിക്കുന്നുണ്ടാവും. അത്താഴം കഴിച്ച് കിടന്നോളാൻ പറഞ്ഞാൽ കൂട്ടാക്കില്ല. ഞാൻ എത്തിയിട്ട് ഒരുമിച്ചേ കഴിക്കൂ. പ്രായം കൂടി വരുമ്പോൾ വാശിയും കൂടും എന്നു പറയുന്നത് തൻ്റെ അമ്മച്ചിയുടെ കാര്യത്തിൽ എത്ര ശരിയാണ്. ജോമോൻ ഓർത്തു.
റോഡിൽ നല്ല തിരക്കുണ്ട്. ലൈറ്റിട്ട് പൊടി പറത്തി വാഹനങ്ങളങ്ങനെ പായുന്നു. ജോമോൻ റോഡിൻ്റെ അരിക് ചേർന്ന് നടന്നു. പെട്ടന്ന് ഒരു വലിയ ശബ്ദം കേട്ട് ജോമോൻ തിരിഞ്ഞു നോക്കി.. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുൻപേ, വലിയ ശബ്ദത്തോടെ, ഭീകര സത്വത്തെപ്പൊലെ ഒരു ടിപ്പർ ലോറി അവൻ്റെമേൽ പാഞ്ഞുകയറി. ആൾക്കാർ ഓടിക്കൂടി. രക്തത്തിൽ കുളിച്ചുകിടന്ന ജോമോനെ ആരൊക്കെയോ ചേർന്ന് ടിപ്പർ ലോറിക്കടിയിൽനിന്നും വലിച്ചെടുത്ത് ഒരു കാറിൽ കിടത്തി ആശുപത്രിയിലേക്ക് പാഞ്ഞു….
‘റോഡിൽ ചിതറിക്കിടന്ന പച്ചക്കറികൾക്കും നെയ്യപ്പത്തിനുമിടയിൽ ഒരമ്മയുടെ മാനം മുട്ടെയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുംകൂടി ഉണ്ടായിരുന്നു…’
വാർത്ത എത്തി.. ജോമോൻ മരിച്ചു..
ആകാശത്തെ നിറഞ്ഞ മഴക്കാറുപോലെ നാടുമുഴുവൻ ദുഖം തളം കെട്ടി നിന്നു..
അന്നമ്മച്ചി അറിഞ്ഞിട്ടില്ല. ആര് അറിയിക്കും? അന്നാമ്മച്ചിയോട് കാര്യം പറയാൻ ആർക്കും വയ്യ. “എന്തായാലും അന്നാമ്മച്ചിയോട് പറഞ്ഞേ പറ്റൂ.. “വാ., നമുക്കു പോയി പറയാം.” രണ്ടുപേർ തയ്യാറായി.
ദുഖം താങ്ങാൻ വയ്യാത്തവണ്ണം ആകാശം കണ്ണീരൊഴുക്കി തുടങ്ങി. ജോമോൻ എത്താൻ പതിവിലും താമസ്സിക്കുന്നു.. അന്നമ്മച്ചിയുടെ മനസ്സിൽ ആധി കൂടി തുടങ്ങി, പുറത്ത് മഴയും….
കണ്ണെടുക്കാതെ അന്നാമ്മച്ചി പുറത്തേയ്ക്കുതന്നെ നോക്കിനിന്നു. വാശിയോടെ പെയ്യുന്ന മഴതുള്ളികൾക്കിടയിലൂടെ അതാ ഒരു വെളിച്ചം. അതെ.. അത് ഇവിടേക്കുതന്നെയാണ് വരുന്നത്. “ജോമോനാണോടാ..?” വെളിച്ചം ഏകദേശം അടുത്തെത്തിയപ്പോൾ അന്നാമ്മച്ചി വിളിച്ചു ചോദിച്ചു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം വന്നവരിലൊരാൾ പറഞ്ഞു “അല്ല.. സേ.. സേവ്യറാണമ്മച്ചീ..” സേവ്യറിൻ്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന തൻ്റെ കൈകൾ കുടയിൽ അമർത്തിപ്പിടിച്ച് അയാൾ നിന്നു. “ജോമോൻ ഇതുവരെ വന്നിട്ടില്ല.. നിങ്ങൾ അവനെ വരുന്ന വഴിയിലെങ്ങാനും കണ്ടോ..?” അന്നാമ്മച്ചി ചോദിച്ചു. ആ കണ്ണുകളിൽ ആധിയും ഭയവും കൂടിവരുന്നത് അവർ കണ്ടു. പറയാൻ വന്ന മറുപടി, ഒരു ചുമ മാത്രമായി സേവ്യറിൻ്റെ തൊണ്ടയിൽ കുടുങ്ങി. ആർത്തലച്ച് പെയ്യുന്ന ഈ മഴയെക്കാൾ തീവ്രമായ, ഒരു കണ്ണീർ പ്രവാഹത്തിൻ്റെ മുൻപിലാണ് താൻ നിൽക്കുന്നതെന്നുള്ള ബോധ്യം സേവ്യറിൻ്റെ നാവിനെ തളർത്തികഴിഞ്ഞിരിക്കുന്നു. അവരുടെ മൌനം ഭേദിക്കാനെന്നവണ്ണം മഴ ആർത്തട്ടഹസ്സിച്ച് പെയ്തുകൊണ്ടേയിരുന്നു…
“തോമസ്സേ..” അച്ചൻ്റെ വിളി ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ എന്നെ ഉണർത്തി. കസ്സേരയിൽ നിന്ന് എഴുന്നേറ്റ്, ഒന്നും മിണ്ടാതെ ഞാൻ ആ ജനാലയ്ക്കരികിലേക്കു നടന്നു, അന്നാമ്മച്ചേടത്തിയുടെ കൈകളിൽ ഒരു വിറയലോടെ ഞാൻ തൊട്ടു. തിരിച്ചു വരാത്ത ആരെയോ പ്രതീക്ഷിക്കുന്ന ആ കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണുനീർ എൻ്റെ കൈകളിൽ പതിച്ചു. എൻ്റെ ഉള്ളിൽ എവിടെയോ ഒരു വലിയ ഉരുൾ പൊട്ടൽ ഉരുണ്ടു കൂടുന്നു…
“തോമസ്സേ..” വീണ്ടും അച്ചൻ്റെ വിളി. “നീ ഇന്നു വരുമെന്നറിഞ്ഞിരുന്നെങ്കിൽ, ഒരു ചട്ടയും മുണ്ടും കൂടി കൊണ്ടുവരാൻ പറഞ്ഞേനെ..” ഞാൻ അച്ചനടുത്തേക്ക് നടന്നു. “നാളെ അന്നാമ്മച്ചേടത്തിയുടെ പിറന്നാളാണ്. ഒരു മകൻ്റെ സ്ഥാനത്തുനിന്നു നീയതു കൊടുത്തിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചു..” അച്ചൻ പറഞ്ഞു നിർത്തി. “ഇവിടെ അടുത്ത് വല്ല തുണിക്കടയും..??” ഞാൻ അച്ചനോടു ചോദിച്ചു. “നേരമിത്രയും ആയില്ലെ.. കടകളെല്ലാം അടച്ചുകാണും.., വേണ്ട, നീയതോർത്ത് വിഷമിക്കേണ്ട.. ഞാൻ വെറുതെ പറഞ്ഞന്നെയുള്ളൂ..” അച്ചൻ പറഞ്ഞു. ശരിയാണ്, നേരം ഇരുട്ടിയിരിക്കുന്നു.. സമയം പോയത് അറിഞ്ഞില്ല. ലേറ്റായതിൻ്റെ പരിഭവം ലിസ്സിയുടെ മുഖത്ത് പ്രകടമാണ്. “ലിസ്സീ ആ ഫോണിങ്ങുതാ..” ഞാൻ ലിസ്സിയോട് പറഞ്ഞു. നാട്ടിലെ സിം കാർഡ്, ലിസ്സിയുടെ ഫോണിൽ മാത്രമേയുള്ളൂ. ഫോൺ വാങ്ങി ഞാൻ ധൃതിയിൽ ഡയൽ ചെയ്തു. ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല. ഒരല്പം അക്ഷമ എൻ്റെ മുഖത്ത് പ്രകടമായിരുന്നു. “ഹലോ…” അപ്പച്ചനാണ് ഫോണെടുത്തിരിക്കുന്നത്. “ഹലോ.. അപ്പച്ചാ.. ഇതു ഞാനാ.. അപ്പച്ചൻ തുണിക്കട അടച്ചോ..?” ഞാൻ ചോദിച്ചു. “ആ.. കടയടച്ച് വീട്ടിൽ വന്ന് കുളിയും കഴിഞ്ഞു.. നീയിതെവിടാ..?.. നാളെ വെളുപ്പിനെ പോകാനുള്ളതല്ലേ..?.. എന്തു പറ്റി..?” അപ്പച്ചൻ പറഞ്ഞുതീരുന്നതിനുമുൻപ് ഞാൻ അങ്ങോട്ട് പറഞ്ഞുതുടങ്ങി.. “അതേയ്.. കടയുടെ കീ ഒന്നു വേണം.. ഞാനിപ്പോൾ വരും.” മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ ഫോൺ കട്ട് ചെയ്ത് ലിസ്സിയുടെ കൈയ്യിൽ കൊടുത്തു. “അച്ചാ.. ഞാനിപ്പോൾ വരാം..” ഇത്രയും പറഞ്ഞ് ലിസ്സിയോട് വരാൻ ആഗ്യംവും കാണിച്ച് കാറിനരികിലേയ്ക്ക് ഞാൻ ധൃതിയിൽ നടന്നു.
ട്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ ലിസ്സിയെ ഒന്നു നോക്കി, മൌനം.. ഒരല്പം അസംതൃപ്തമായ മുഖഭാവത്തോടെ അവൾ എന്നോട് ചോദിച്ചു “അപ്പോൾ ഈ തവണയും മാതാവിൻ്റെ പള്ളിയിൽ പോയി പ്രാർഥിക്കാൻ പറ്റില്ല അല്ലേ..?”
ഞാനതിനുത്തരം പറഞ്ഞില്ല കാരണം, ഈശോയുടെ മൃതദേഹം മടിയിൽ കിടത്തി വിങ്ങിപ്പൊട്ടുന്ന, ഒരമ്മയുടെ മുഖമായിരുന്നു മനസ്സു നിറയെ….
****************
“സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തുതന്നത്.” (വി. മത്തായി 25:40)
ഹൃദയസ്പർശിയായ നല്ലൊരു കഥ…….
Reality… Very good
Nice ??