സൈബർ കള്ളന്മാർ
ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളും ചതികളും ഇന്ന് വാർത്ത അല്ലാതെ ആയിട്ടുണ്ട്. നാമെല്ലാം തട്ടിപ്പിൽ പെടാതിരിക്കാൻ ജാഗരൂകരുമാണ്. എന്നാൽ എത്ര കരുതി ഇരുന്നാലും വിശ്വസിച്ചു പോകുന്ന തരത്തിൽ കള്ളന്മാരും തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ്. വീട്ടിലെ ഇൻറർനെറ്റ് തടസ്സപ്പെടുന്നു. വന്നും പോയുമിരിക്കുന്ന അവസ്ഥ. ഒരാഴ്ചയോളം ഈ നില തുടർന്നു. പ്രൊവൈഡർക്ക് പരാതി അയക്കുന്നു. പിറ്റേന്ന് മെസ്സേജ് വന്നു ഉടൻ റിപ്ലൈ ചെയ്യും കാത്തിരിക്കുക. മണിക്കൂറുകൾക്ക് ശേഷവും ഒരു മറുപടിയുമില്ല. അതിനടുത്ത ദിവസം ലാൻഡ് ലൈനിലേക്ക് വിളി വരുന്നു.നിങ്ങളുടെ ഇൻറർനെറ്റ് കണക്ഷൻ തുടർച്ചയായി തടസ്സപ്പെട്ടതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പരാതിപ്രകാരം ഞങ്ങളുടെ തെറ്റു മനസിലാക്കുകയും പരിഹാരമായി കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ അടച്ച മുഴുവൻ തുകയും തിരികെ നൽകുകയാണ് അതിനാൽഒരു വർഷമായുള്ള ബില്ലുകളുടെ ഡീറ്റെയിൽസ് തരുകയാണെങ്കിൽ ഇന്നുതന്നെ പണം തിരികെ നൽകാം. വിശ്വാസത്തിന് ആയിട്ട് വിളിച്ചയാളുടെ മൊബൈൽ നമ്പരും പേരും പറഞ്ഞു. മൊബൈലിലേക്ക് വിളിച്ചുനോക്കി കൊള്ളുവാൻ ആവശ്യപ്പെട്ടു. ശരിയാണ് അയാൾ തന്നെ മറുപടിയും തന്നു.
തുടർന്ന് കമ്പ്യൂട്ടർ ലോഗിൻ ചെയ്യുവാൻ ആവശ്യപ്പെട്ടു. കണക്ഷൻറെ ചില കാര്യങ്ങൾ ചെക്ക് ചെയ്യാൻ ആണെന്നാണ് പറഞ്ഞത് അങ്ങനെ ചെയ്യുകയും, കമ്പ്യൂട്ടറിൻറെ നിയന്ത്രണം അയാൾ ഏറ്റെടുക്കുകയും ചെയ്തു. കുറേ നേരത്തെ തിരച്ചിലിനു ശേഷം അയാൾക്ക് ബാങ്കുമായി ബന്ധപ്പെട്ട ഒരു ഡീറ്റെയിൽസ് കിട്ടാത്തതിനാൽ ആകും ബാങ്ക് അക്കൗണ്ട് നമ്പറും പാസ്വേഡും ആവശ്യപ്പെട്ടു. അപ്പോഴാണ് സംശയമായത്. തുടർന്ന് നെറ്റും കമ്പ്യൂട്ടറും ഓഫ് ആക്കുകയും വിദഗ്ധരെ ബന്ധപ്പെടുകയും ചെയ്ത് പരിശോധിച്ചപ്പോഴാണ് അറിയുന്നത് . ഓൾറെഡി ഇൻറർനെറ്റ് കണക്ഷൻ മുൻപേ ഹാക്ക് ചെയ്തിരിക്കുന്നു എന്നും കമ്പ്യൂട്ടറിൽ നിന്നും ഡേറ്റാസ് ചോർത്താനുള്ള ഉള്ള ടൂൾസ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു എന്നും.
അവസരോചിതമായ ഇടപെടൽ കൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു എന്ന് കരുതാം. നമുക്കോരോരുത്തർക്കും നാളെ ഇത് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നാം അയയ്ക്കുന്ന ഇമെയിലും മെസ്സേജുകളും ചോർത്തി എടുത്തതിന്ശേഷമാണ് അതിനനുസരിച്ചുള്ള കാരണങ്ങൾ ഉണ്ടാക്കി നമ്മളെ വിളിക്കുന്നത് ആരും വിശ്വസിച്ചുപോകും. ഇത്തരത്തിൽ ചതിക്കുഴികൾ പല രൂപത്തിലും ഉണ്ടാവാം എന്നതുകൊണ്ട് കരുതി ഇരിക്കുവാൻ നിങ്ങളെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
എഡിറ്റോറിയൽ ബോർഡ്