നീതി

മുതിർന്നവരുടെ കവിതാരചന മത്സരത്തിൽ രണ്ടാം സമ്മാനാർഹമായ കവിത.

മാലോകർ ആ വാക്കിന്നാവർത്തിച്ച് അന്യോന്യം
മാനുഷലോകത്ത് തേടിടുന്നു 
മാനത്തും,മണ്ണിലും  മത്സരം ചെയ്കിലും 
 മനുജൻ വളർന്നില്ല മനസ്സുകൊണ്ട് 

വർണ്ണത്തിൽ,വർഗ്ഗത്തിൽ വ്യത്യാസം കണ്ടവർ
 വർഗീയവാദികൾ ആയിടുന്നു
വംശീയവെറിയാലെ വെപ്രാളം പൂണ്ടവർ
 വരുത്തിവയ്ക്കുന്നതോ വൻവിനകൾ

ഒത്തിരി ആശയോടോത്ത് വളർന്നവർ
 ഒന്നാകെ ലോകത്തെ നേടുവാനായ്‌
ഒന്നിച്ചുനിൽക്കണമെന്നത് ഓർക്കാതെ
ഓടുന്നു അന്യോന്യം കൊന്നൊടുക്കാൻ

വിശ്വാസ സൂക്തികൾ വളർത്തിയെടുക്കാനായ്‌
 വിണ്ഡലമെങ്ങും പ്രതിഷ്ഠയേറെ
വാശിയാൽ തീർക്കുന്നു രമ്യഹർമ്യങ്ങളും
വാഴുന്നതോ ഉള്ളിൽ കുടിപ്പകയും

നീതി നടത്തേണ്ടോർ നിന്ദ്യമായ്‌ കാണുന്നു
നിത്യ സനാതന മൂല്യങ്ങളെ
നിത്യേന ഒത്തിരി  വാക്കുകളാൽ അവർ
നീതിയെ വളച്ചൊടിച്ചനീതിക്കായ്‌

പണ്ടൊരു കാലത്ത് പട്ടിണി മാറ്റിടാൻ 
പാടത്തും, പറമ്പിലും പണിയെടുത്തോർ
പാരാകെ കാണുന്നു പാത വിട്ടുഴലുന്ന
പാതിമരവിച്ച മനസ്സുകളെ

സോദരസ്നേഹത്താൽ സഹചരെ കാത്തിടാൻ
സമർപ്പിച്ചു ജീവിതം സോദരർക്കായ്‌
സ്വന്തമായൊന്നുമേ കരുതിടാതെ അവർ
സാന്ത്വനമാർഗ്ഗങ്ങൾ തേടിയന്ന്

ഓർത്തിടാം ഒഴുകുന്ന നിണത്തിൻ നിറമെന്നും
ഒന്നല്ലോ ചുവപ്പതു തന്നെയെന്നു
ഒരുപോലെ പിടയുന്ന ഹൃദയത്തിൻ താളവും
ഒന്നു തന്നെയല്ലേ സോദരരെ

ഇല്ലില്ല താമസമായില്ല തെല്ലുമേ
ഇല്ലായ്മ ചെയ്തിടാം അനീതിയെ
ഇടുങ്ങിയ മനമെല്ലാം ഒത്തിരി വലുതാക്കി
ഇവിടെ പുലർത്തിടാം സഹിഷ്ണുതയെ

നീതി ഒഴുകട്ടെ തെളിനീരായി
നിത്യവും,സത്യമൊഴുകട്ടെ നീർച്ചാലായി
നിത്യതയിൽ നാം എത്തും വരെ
നിരന്തരം കാക്കണേ തമ്പുരാനേ 

ദൈവീക പ്രഭയുള്ള സഹചരായ്‌ മാറിടാം
ദൈവം പ്രസാദിക്കുന്ന ജീവനാകാം
ദൈവമേ കാക്കണേ വരദാനം ഏകണേ
ദൈവത്തിൻ നീതിപുലർത്തിടുവാൻ
ഇന്നീ ലോകത്തിൽ നീതി പുലർന്നീടുവാൻ.

Leave a Reply

Your email address will not be published. Required fields are marked *