കൊറോണ കാലത്തെ ‘ചില’ ക്രിസ്തീയ ചിന്തകൾ

താങ്ങുവാനാവതില്ലിന്നും എനിക്കങ്ങേ
കുരിശ്ശിൽ കിടന്നുള്ള ദയനീയമാം നോട്ടം.
എന്തിനുവേണ്ടി നീ കുരിശ്ശേറി എന്നുള്ള
ആ സത്യം നിൻമക്കൾ പാടെ മറക്കുന്നു.
വഴികാട്ടിയാകേണ്ടോർ വഴിവിട്ടു നടക്കുമ്പോൾ
എൻകാലുമിടറുന്നതറിയുന്നൊരു തേങ്ങലായ്.

നിന്നിലെ നീതിയും നീൻ്റെ കാരുണ്യവും,
അനന്തമാം സ്നേഹവും ആർദ്രമാം നോട്ടവും,
നിൻമക്കൾക്കിവ അന്യമായതിൻ വേദന
ഒരു നോട്ടമായ് നീ ചൊരിഞ്ഞതാണോ അന്ന്?
നിൻ പല രൂപങ്ങൾ നിൻ പല ഭാവങ്ങൾ
എൻമുൻപിൽ മിന്നിമറഞ്ഞിടുമെപ്പൊഴും.

പുത്രനായ്‌, ഗുരുവായ്, വൈദ്യനായ് പിന്നെയോ
കരുണാമയനായും ചാട്ടവാറേന്തിയും.
പറയുവാനൊരുപാടുകാര്യങ്ങളുണ്ടെനി –
ക്കെന്നേശുനാഥനോടായ് മാത്രം പങ്കിടാൻ
അറിയുന്നു നിന്നുടെ വേദന ഇന്നു ഞാൻ
സഹനത്തിൻ തീച്ചൂളതാണ്ടി മുന്നേറുമ്പോൾ .

താങ്ങായ് തണലായ്‌ സ്വാന്തനമായി നീ-
ചേർത്തുപിടിക്കുന്നതറിയുന്നുണ്ടെന്നും ഞാൻ.
ഒരുനാളുമൊറ്റില്ല യൂദാസ് ഇനി നിന്നെ
നാഥാ ഉയിർത്തു നീ മരണത്തെ തോൽപ്പിച്ച്
യൂദാസിൻ വിധി നമ്മൾ കണ്ടു ഭയത്തോടെ
ഹക്കൽദാമയായ് തീർന്നതാം ജീവിതോം.

വീണ്ടുമെന്നീശോയെ ക്രൂശിക്കുവാനായി
വെമ്പുന്നു ഈ ജനം കാണുന്നു ഇന്നും ഞാൻ
കരളലിയിക്കും നിൻകാൽവരിയാഗത്തിൻ
ഓർമ്മകൾ എൻഹൃത്തിൽ നൊമ്പരമാകവെ
ഇനിയൊന്നു കൂടിയാ വേദന താങ്ങുവാൻ
ആകില്ല അമ്മയ്ക്കും പിന്നെ ഈ പാപിക്കും.

സത്യവും ജീവനും വഴിയും നീ ആണെന്ന്
ചൊല്ലിപഠിപ്പിച്ചു നീ നിൻ്റെ മക്കളെ
നീവഴിയല്ലാതെ രക്ഷയുമില്ലെന്നു
കേട്ടുവളർന്നോരെൻ ബാല്യവും ഓർക്കുന്നു.
കാലം കഴിഞ്ഞപ്പോൾ കാണുന്നു നിന്നുടെ
കൽപ്പനകൾ വെറും ആചാരങ്ങൾ മാത്രം.

തേങ്ങുന്നു പിന്നെയും എന്നുള്ളം നാഥാ-
എന്തേനിൻമക്കൾക്കിന്നന്ധത ബാധിച്ചോ?
നീ ചിന്തിയ തിരു രക്തോം പീഡാസഹനവും
എന്തെനിൻ മക്കൾതൻ ഹൃത്തിൽ പതിയാഞ്ഞു.

പാപിയാം എൻചിത്തം തീവ്രമായ് കാംഷിപ്പൂ
നിന്നിലലിഞ്ഞാ മഹത്വം ദർശിക്കുവാൻ
ആത്മാവിൻ വേദന രക്തമായ് വിയർത്തപ്പോൾ
നിൻ താതനോടായി നീയും അപേക്ഷിച്ചു
“ഈ പാനപാത്രം അകറ്റാൻ കഴിയുമോ”
എങ്കിലും എൻ ഹിതമല്ലാ എൻ താതാ –
നിറവേറട്ടെ നിൻ ഹിതമെന്നുമൊഴിഞ്ഞ നീ.

One thought on “കൊറോണ കാലത്തെ ‘ചില’ ക്രിസ്തീയ ചിന്തകൾ

Leave a Reply

Your email address will not be published. Required fields are marked *