നോമ്പുകാല ചിന്തകൾ

ഈശോയിൽ പ്രിയമുള്ളവരേ , 

മിശിഹായുടെ പീഡാനുഭവ , മരണോത്ഥാനങ്ങളടങ്ങുന്ന പെസഹാ രഹസ്യങ്ങളെ സവിശേഷമാം വിധം ധ്യാനിക്കുന്ന നോമ്പു കാലത്തിലൂടെ നാം യാത്ര തുടരുന്നു. നോമ്പ് കാലംഉപവാസത്തിന്റെയും കാലമാണല്ലോ ! ഉപവാസമെന്നാൽ സഹവാസം . ദൈവത്തോട് കൂടുതൽ ചേർന്നിരിക്കേണ്ട കാലം അഥവാ കൂടുതൽ ദൈവവിചാരത്തിൽ ജീവിക്കേണ്ട കാലം. പുറപ്പാടിന്റെ ഗ്രന്ധം രണ്ടാം അദ്ധ്യായം പതിനൊന്നു മുതലുള്ള വാക്യങ്ങളിൽ മോശയുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം വിവരിക്കുന്നുണ്ട്. മോശ തന്റെ സഹോദരങ്ങളെ കാണാൻ ചെന്നപ്പോൾ അവരുടെ കഠിനാദ്ധ്വാനം നേരിൽ കണ്ട് അസ്വസ്ഥനായി . ഈജിപ്തുകാരനൊരുവൻ ഇസ്രായേൽക്കാരനെ പ്രഹരിക്കുന്നത് കണ്ടപ്പോൾ അപക്വമായ ഒരു നിലപ്പാടിലേക്ക് മോശ നീങ്ങി. വചനം ഇങ്ങനെയാണ് പറയുന്നത് ” അവൻ ചുറ്റും നോക്കി ആരുമില്ലന്നു കണ്ടപ്പോൾആ ഈജിപ്പതുക്കാരനെ കൊന്ന് മണലിൽ മറവു ചെയ്തു. ” ഇവിടെ മേശ ചുറ്റും നോക്കിയതിന്റെ അർത്ഥം എന്താണ്? ഇടത്തോട്ടും, വലത്തോട്ടും , മുമ്പോട്ടും, പുറകോട്ടും നോക്കി ; എന്നാൽ മുകളിലേക്ക് നോക്കാൻ മറന്നു. പ്രലോഭന വേളകളിൽ കോപത്താൽ, നിരാശയാൽ, അഹങ്കാരത്താൽ നാം മുകളിലേക്ക് നോക്കാതെ ചുറ്റും നോക്കിയാൽ നാം മോശ ചെയ്തതു പോലെ ചെയ്തു പോകും. യേശുവിനെ ഒറ്റി കൊടുത്ത യൂദാസും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും മുൻപ് യേശുവിനെ നോക്കിയിരുന്നെങ്കിൽ അവനും രക്ഷയുടെ വഴിയിൽ എത്തുച്ചേരുമായിരുന്നു. മൂന്നു തവണ തള്ളി പറഞ്ഞിട്ടും ഗുരുമുഖ ദർശനത്തിൽ പൊട്ടികരഞ്ഞ് അനുതാപ കണ്ണീർ വാർത്ത പത്രോസ് ഇതിന് ഉത്തമ ഉദാഹരണവുമാണ്. അതിനാൽ ഏറ്റവും വലിയ അനുതാപം മറ്റു പലയിടത്തു നിന്നും നമ്മുടെ നോട്ടം ക്രിസ്തുവിലേക്ക് തിരിക്കലാണ്. അവിടുത്തെ മുഖമൊന്ന് നോക്കിയാൽ മറക്കാനാവാത്ത വേദനകളില്ല , പൊറുക്കാനാവാത്ത കുടിപ്പകകളില്ല , ഉരുകാത്ത ഹൃദയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *