ആത്മാർത്ഥത ഇല്ലാത്ത കൈയ്യടിയോ

കഴിഞ്ഞ നാലുമാസമായി ഹോസ്പിറ്റലുകളിൽ കൊറോണ രോഗികൾക്കൊപ്പം സ്വജീവൻ പണയപ്പെടുത്തിയും ജോലി ചെയ്തുവരുന്ന ഡോക്ടർസ്, നഴ്സുമാർ, ഹെൽത്ത്കെയർ വർക്കേഴ്സ് തുടങ്ങിയ ഫ്രണ്ട് ലൈനിലുള്ള ആരോഗ്യപ്രവർത്തകരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഹെൽത്ത് സെക്രട്ടറിയും പൊതുസമൂഹവും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദനങ്ങൾകൊണ്ടു മൂടുകയും ആയിരുന്നു. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ രാത്രി 8 മണിക്ക് ആരോഗ്യപ്രവർത്തകർക്കായുള്ള നന്ദിസൂചകമായി കൈ കൊട്ടൽ ചടങ്ങുകളും മുറപോലെ നടന്നുവന്നിരുന്നു.

ഇതിനോടകം ഡോക്ടേഴ്സും നഴ്സുമാരും ഉൾപ്പെടെ മുന്നൂറിലേറെപ്പേർക്ക് ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടിയും വന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവുമധികം ജീവഹാനി സംഭവിച്ചതും NHS ജോലിക്കാർക്ക് തന്നെയാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഗവൺമെൻറ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിക്കുകയുണ്ടായി. ഏറ്റവുമധികം അർഹതപ്പെട്ടവർ എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന നേഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും നിഷ്കരുണം ഒഴിവാക്കി. ഒരിക്കലും നീതീകരിക്കാനാവാത്ത അവഗണന ആയേ ഇതിനെ കാണാനാവൂ. മറ്റു മുഴുവൻ ജോലിക്കാർക്കും കൊറോണ കാലത്തെ പ്രവർത്തനമികവിന്റെ പേരിൽ 2 മുതൽ 3.1 ശതമാനം വരെയാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത്.

നഴ്സുമാരോട് കാണിച്ച കടുത്ത അവഗണന അവരുടെ ആത്മാർഥവും സത്യസന്ധവുമായ പ്രവർത്തനങ്ങളോട് ഉള്ള മുഖം തിരിക്കൽ ആണ് എന്ന് പറയേണ്ടിവരും. ഇവിടെ ശമ്പളം വർദ്ധിപ്പിച്ച് ഇല്ല എന്നതു മാത്രമല്ല വിഷയം, ഇത്രയും നാൾ നിർലോഭം പ്രോത്സാഹിപ്പിക്കുകയും ശരിയായ PPE പോലുമില്ലാത്ത സാഹചര്യത്തിലും മരണമുഖത്ത് പണിയെടുപ്പിക്കുകയായിരുന്നു. കാര്യം കാണുവാൻ മാത്രമുള്ള കയ്യടിയും വാചകമടിയും മാത്രമായിരുന്നു ഇതെല്ലാം എന്ന് ഇന്നവർക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. നഴ്സുമാരുടെ ആത്മാഭിമാനത്തിനു തന്നെ ക്ഷതമേൽപ്പിക്കുന്ന പ്രവർത്തിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഈ അനീതിക്കെതിരെ പല കോണുകളിൽ നിന്നും ഉയർന്നു വരുന്ന പ്രതിഷേധങ്ങളിൽ നമുക്കും പങ്കുചേരാം. അവരുടെ സഹാനുഭൂതി നിറഞ്ഞതും ത്യാഗനിർഭരവുമായ പ്രവർത്തനങ്ങൾക്ക് നമുക്ക് കയ്യടിക്കാം. സർക്കാർ സ്പോൺസേർഡ് കയ്യടിയല്ല. നമ്മുടെ ഹൃദയത്തിൽ നിന്നുയരുന്ന നന്ദിയുടെയും സ്നേഹത്തിന്റേയും കരുതലിന്റേയും കയ്യടി.

എഡിറ്റോറിയൽ സമിതി

Leave a Reply

Your email address will not be published. Required fields are marked *