മോചിത
മുതിർന്നവരുടെ കവിതാരചന മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കവിത.
ഹൃദയത്തിലൊളിപ്പിച്ച സുഗന്ധവും അഴിച്ചിട്ട മുടിയുമായി
ഇടവഴികളിൽ ഞാൻ കാത്തു നിന്നു…
മുഖത്ത് വരുത്തിയ പുച്ഛവുമായി
കൺകോണുകളിലൂടെ പലരുമെന്നെ നോക്കി
ഇരുളിന്റെ മറവിലൂടെന്നെ തേടിവന്നു
പണക്കിഴികളും പാരിതോഷികങ്ങളും നൽകി…
ആരെങ്കിലും എന്റെ ഹൃദയഭരണി തുറക്കുമെന്നും
ആ സുഗന്ധത്തിലലിയുമെന്നും വെറുതെ ആശിച്ചു
അവനെ കണ്ടുമുട്ടുവോളം …
അവനെന്റെ കണ്ണുകളിലൂടെ ഹൃദയത്തിലേയ്ക്ക് നോക്കി
അഴുക്കുപുരണ്ട ശരീരത്തിനുള്ളിലെ
തുറക്കപ്പെടാത്ത ഹൃദയത്തിലേക്ക്…
ഞാൻ പശ്ചാത്തപിച്ചു
കലർപ്പില്ലാത്ത കണ്ണീർ തൈലത്താൽ
കറയില്ലാത്ത ആ പാദങ്ങൾ കഴുകി തുടച്ച്
മുടി എന്നേയ്ക്കുമായി കെട്ടിവച്ചു …
വീണ്ടും ഞാനവനെ കാണുന്നത്
കൊലക്കളത്തിലേക്കുള്ള യാത്രയിലാണ്
അവനപ്പോഴും എന്റെ സുഗന്ധമുണ്ടായിരുന്നു
തോളിൽ എന്റെ ഭൂതകാലവും …
അവന്റെ കണ്ണുകൾ അപ്പോഴും ശാന്തമായിരുന്നു
എന്റെ ഹൃദയം പോലെ …