ഉയിർപ്പു തിരുന്നാളാശംസകൾ
ഉയിർപ്പു തിരുനാൾ സമാഗതമായിരിക്കുന്നു. വലിയ പ്രതീക്ഷയുടെ പൂർത്തീകരണമാണല്ലോ ഉയിർപ്പ്. ഇസ്രയേൽ ജനത്തിന്റെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ പൂർത്തീകരണം , ദൈവപിതാവിന്റെ വലിയ കാരുണ്യത്തിന്റെ പൂർത്തീകരണം, ദൈവസ്നേഹത്തിന്റെ പൂർത്തീകരണം, ദൈവിക വെളിപാടുകളുടെ പൂർത്തീകരണം. ഉയിരപ്പ്തിരുനാൾ സന്തോഷത്തിന്റെ തിരുനാളാണ്. നിരാശരായിരുന്ന ശിഷ്യർക്ക് പ്രതീക്ഷയും, ആനന്ദവും, ധൈര്യവും നല്കിയ തിരുനാൾ. കർത്താവിനെ കണ്ട് അവർ സന്തോഷിച്ചു എന്ന് യോഹന്നാൻ രേഖപ്പെടുത്തുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നു ; ” ചില ക്രൈസ്തവരുടെ ജീവിതം ഉയിർപ്പു തിരുനാളില്ലാത്ത നോമ്പുകാലം പോലെയാണ്.” ഉത്ഥാനം ചെയ്ത ഈശോയെ കണ്ട ശിഷ്യന്മാരും മഗ്ദേല മറിയവും , മറ്റ് വ്യക്തികളും സന്തോഷത്താൽ നിറയുന്നു. ഉയിർപ്പു തിരുനാൾ സന്തോഷത്തിന്റെ അടയാളമാണ്. യേശുവിന്റെ ഉയിർപ്പിൽ ലോകം മുഴുവൻ ആനന്ദിക്കുന്നു. മഗ്ദലേന മറിയം യേശുവിനെ കാണുമ്പോഴും അത് ഈശോയാണന്ന് മനസ്സിലാക്കുന്നില്ല. ” പുറകോട്ട് തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു എന്നാൽ അത് യേശുവാണന്ന് അവൾക്ക് മനസ്സിലായില്ല.” യേശുവിനെ അറിഞ്ഞാൽ മാത്രമെ ഉത്ഥാനത്തിന്റെ അനന്ദം നമുക്ക് ദിക്കുകയൊള്ളു. മനസ്സിലായില്ലങ്കിൽ മറിയത്തെപ്പോലെ നമ്മളും കരഞ്ഞു കൊണ്ടു നിൽക്കും. ഈശോ കണ്ട് , മനസ്സിലാക്കി, അനുഭവിച്ച് സന്തോഷിക്കുന്ന നല്ലൊരു ഈസ്റ്ററാകട്ടെ ഇത് എന്ന്,
സ്നേഹപൂർവ്വം
ഫാ ജോസഫ് മുക്കാട്ട്.