കോവിഡിന്റെ രണ്ടാംവരവ്

യുകെയിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങൾ അല്പം ആശ്വാസത്തിന് വക തരുന്നതായിരുന്നു. രാജ്യത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം വളരെയേറെ കുറയുകയും മരണനിരക്ക് വിരലിലെണ്ണാവുന്ന നിലയിലേക്ക് താഴുകയും ചെയ്തു. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ഹോട്ടലുകൾ, റസ്റ്റോറൻറ്കൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലേക്ക് ആളുകൾ വരുന്നത് പ്രോത്സാഹിപ്പിക്കുവാൻ ഗവൺമെൻറ് പാക്കേജുകൾ പ്രഖ്യാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത് ഭയപ്പാടിന്റെയും ആശങ്കയുടെയും നാളുകൾ അവസാനിക്കുകയാണ് എന്ന ഒരു ചിന്ത പൊതുജനത്തിന് ഉണ്ടായി , എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. പല സ്ഥലങ്ങളും വീണ്ടും ലോക്ഡൗണ്‍ ആകുകയും കോവിഡ് വ്യാപനം രാജ്യത്തെ സാധാരണ ജനജീവിതം വീണ്ടും ദുഷ്കരമാക്കുകയുമാണ്.

മലയാളികളെ സംബന്ധിച്ച് ഏറെ ആശങ്ക ഉളവാക്കുന്ന സംഗതി ഏറെപ്പേരും ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്നവരാണ് എന്നുള്ളത് തന്നെയാണ്. ഇത്തരക്കാരുടെ സ്വന്തം ആരോഗ്യം മാത്രമല്ല കുടുംബാംഗങ്ങളും രോഗ ഭീഷണിയിലാണ് എന്നത് ഒരു വസ്തുതയാണ്. ഈ അടുത്തിടെ നമ്മുടെ മലയാളി സമൂഹത്തിൽ നിന്നുള്ള പലരും രോഗബാധിതരായി എന്നുള്ളത് ആശങ്കാജനകമാണ്.

രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഉണ്ടായാൽ സാമ്പത്തികമായി മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസവും താറുമാറാകും എന്നത് ഏവരെയും അലട്ടുന്നുണ്ട് . ഏറെ നാളത്തെ അവധിക്കു ശേഷം സ്കൂളുകൾ തുറന്നതിൽ സന്തോഷിച്ചു സ്കൂളിൽ പോയിത്തുടങ്ങിയ കുട്ടികളുടെ ഭാവി എന്താകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇങ്ങനെ സാഹചര്യം സംജാതമായാൽ പകച്ചു മാറി നിൽകാതെ അവരെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാൻ പരമാവധി ശ്രമിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.

ഒന്നാംഘട്ട കോവിഡ് ബാധയെ ധീരമായി നേരിട്ട നമ്മളോരോരുത്തരും രണ്ടാം വരവിനെ സംയമനത്തോടെ അതിജീവിക്കാൻ ശ്രമിക്കണം. സർവ്വശക്തനായ ദൈവം നമുക്ക് അതിനുള്ള ശക്തിയും അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കാം.

എഡിറ്റോറിയൽ ബോർഡ്

Leave a Reply

Your email address will not be published. Required fields are marked *